2015, മാർച്ച് 28, ശനിയാഴ്‌ച

സിനിമാ അവാര്‍ഡും പ്രേക്ഷകനും..

ഇനി ഒരു രണ്ടു മൂന്നു മാസം അവാര്‍ഡുകളുടെ കാലമായിരിക്കുമല്ലോ. ഈയടുത്ത് ദേശീയ അവാര്‍ഡുകളും പ്രഖ്യാപിച്ചു. പുരസ്കാരജേതാക്കള്‍ സാഭിമാനം തുള്ളിച്ചാടുമ്പോഴും പരിഗണന അര്‍ഹിച്ചിരുന്ന മറ്റു ചിലരുടെ പേരുകള്‍ എല്ലത്തവണത്തെയും പോലെ ഇത്തവണയും കോംപ്രമൈസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നുള്ള വസ്തുത നമുക്ക് വിസ്മരിക്കാന്‍ ആകുന്നതല്ല..

എന്തു കൊണ്ട് മുന്നറിയിപ്പും, ഒറ്റാലും മികച്ച ചിത്രങ്ങളായില്ല എന്നു  മലയാളി പ്രേക്ഷകന്‍ ചിന്തിക്കുന്നത് പോലെ തന്നെ എന്ത് കൊണ്ട് കവിയത്തലൈവന്‍ ആ ഗണത്തില്‍ വന്നു ചേര്‍ന്നില്ല എന്നു തമിഴ് പ്രേക്ഷകനും ചിന്തിക്കുന്നുണ്ടാകണം. ഇത് പോലെ തന്നെ മറ്റു പ്രദേശങ്ങളിലും മികച്ച സൃഷ്ടികളായി വിലയിരുത്തപ്പെട്ട ചിത്രങ്ങളുണ്ട്. അവരും വാദഗതികളുമായി മുന്‍പോട്ടു വരും. ഇതേ തര്‍ക്കം മികച്ച നടനുള്ള പുരസ്കാരത്തിലോ നടിക്കുള്ള പുരസ്കാരത്തിലോ സംവിധാന മികവിന്‍റെ കാര്യത്തിലോ ഒക്കെ സംഭവിക്കാറുണ്ട്.

ശരിക്കും എന്തു കൊണ്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഒരു മികച്ച സൃഷ്ടിയായി എന്നുള്ളത് കാര്യകാരണം സഹിതം വാര്‍ത്താസമ്മേളനത്തില്‍ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം അവാര്‍ഡ് നിര്‍ണയിക്കുന്ന ജൂറിക്ക് ഇല്ലേ ??? അവാര്‍ഡിന് അര്‍ഹമായ പേര് പറയുന്നതോടൊപ്പം അതിനെപറ്റി ഒറ്റവരി മേന്മ പറഞ്ഞത് കൊണ്ട് അവരുടെ കടമ തീരും എന്നു കരുതാനാകുന്നില്ല. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രത്തിന്‍റെ മേന്മ എന്താണെന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.
ആമിര്‍ ഖാനും മമ്മൂട്ടിയും ഷാഹിദ് കപൂറും സഞ്ചാരിയും ഒകെ മികച്ച നടനാകുള്ള പരിശ്രമത്തില്‍ അവസാന റൌണ്ട് വരെ എത്തിയിട്ടുണ്ടായിരുന്നു എന്നുള്ള വാര്‍ത്തകള്‍ സത്യമായിരുന്നുവെങ്കില്‍ അവരില്‍ നിന്ന് മികച്ച നടനെ കണ്ടെത്തിയത് ഏതു തരം വിലയിരുത്തലിനെ അടിസ്ഥനപ്പെടുത്തിയാണെന്നുള്ളത് പ്രേക്ഷകരെ അറിയിക്കേണ്ട ബാധ്യത ജൂറിക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് പോലെ തന്നെ കങ്കണ റണൌട്ട് പ്രിയങ്ക ചോപ്രയെക്കള്‍ മികച്ച പ്രകടനം നടത്തി എന്നു പറയുമ്പോള്‍ മികവിനെ അളക്കാന്‍ ജൂറി കണ്ടെത്തിയ മാനദണ്ഡം എന്തായിരുന്നുവെന്ന് പ്രേക്ഷകന്‍ അറിയേണ്ട എന്നുണ്ടോ ? മേരി കോമിനേക്കാള്‍ നിലവാരം പുലര്‍ത്തിയത്‌ ക്വീന്‍ ആണെന്ന് പറയുമ്പോള്‍ അവര്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകള്‍ ജൂറി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിക്കാണുമല്ലോ, ആ റിപ്പോര്‍ട്ട് എന്ത് കൊണ്ട് ദേശീയ അവാര്‍ഡ്‌ കമ്മിറ്റിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നില്ല...?? അത്രയ്ക്കും സുതാര്യത കൈവരുമ്പോള്‍ അവാര്‍ഡ്‌ നല്‍കുന്നതില്‍ പാകപ്പിഴയുണ്ടെന്നു കാലങ്ങളായി മുറവിളി കൂട്ടുന്ന ഞാനുള്‍പ്പടെയുള്ള ജനങ്ങളുടെ മനോഭാവത്തിനു തന്നെ കാര്യമായ മാറ്റം വരും. വാസ്തവത്തിൽ, സിനിമയല്ലാതെ മറ്റൊരു കലയെക്കുറിച്ചും, അതാതു കലകളിൽ പ്രൊഫഷണലോ അമേച്വറോ ആയ അറിവും പരിചയവുമില്ലാത്തവർ നിരൂപണത്തിനൊരുങ്ങാറില്ല. എന്നാൽ സിനിമയുടെ കാര്യം വ്യത്യസ്ഥമാകുന്നത് അതിന്റെ ജനകീയത കൊണ്ടാണ്. അതുമാത്രമല്ല, നിരൂപണങ്ങൾ അധികവും ഒപ്പീനിയൻ പീസുകളാണ്. അഭിപ്രായപ്രകടനം ആർക്കുമാകാമല്ലോ.


മികച്ച ഛായാഗ്രഹണവും ചിത്രസംയോജനവും പോലെ സാങ്കേതികമായ അവാര്‍ഡുകള്‍ നിര്‍ണയിക്കാന്‍ അതതു മേഖലകളിലെ പ്രഗത്ഭരെയാണല്ലോ ജഡ്ജിംഗ് പാനലിലെയ്ക്ക് തിരഞ്ഞെടുക്കുക. അപ്പോള്‍ സ്വാഭാവികമായും അവര്‍ക്കും ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇയ്യോബിന്‍റെ പുസ്തകം എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാധാരണ പ്രേക്ഷകനെ  ഞെട്ടിക്കുമ്പോള്‍ താരതമ്യേന കാഴ്ചയ്ക്ക് ലളിതമായ (?) വിഷ്വല്‍ ക്രാഫ്റ്റിന് അവാര്‍ഡ്‌ നിര്‍ണയത്തില്‍ വ്യക്തമായ സ്ഥാനവും അംഗീകാരവും ലഭിക്കുന്നുണ്ട്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് പരസ്യപ്പെടുത്തിക്കൂടെ ?? (കാഴ്ച്ചയുടെ സൌന്ദര്യവും സിനിമയുടെ ഭാഷയും തമ്മിലുള്ള കെമിസ്ട്രി ആണ് ഞന്‍ ഉദ്ദേശിച്ചത്).


അംഗീകാരങ്ങള്‍ നിര്‍ണയിക്കുന്ന പാനല്‍ വിദഗ്ധര്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ ഒരു തുറന്ന ചര്‍ച്ചയ്ക്കു വഴിവെയ്ക്കുമ്പോള്‍ ഒരു ശരാശരി പ്രേക്ഷകന്‍ “ സിനിമയുടെ ഭാഷയുമായി ” കൂടുതല്‍ അടുപ്പത്തിലാവുകയാണ് ചെയ്യുന്നത്. ഒരു സിനിമ എങ്ങനെ കാണണം ആ ചിത്രത്തെ എങ്ങനെ വിലയിരുത്തണം എന്നുള്ള പരോക്ഷമായ ഒരു ക്ലാസ്സെടുക്കല്‍ കൂടിയാകും അത്. ഏറ്റവും കുറഞ്ഞതു മുന്നറിയിപ്പിന്‍റെയും മായാമോഹിനിയുടെയും ബോക്സ്‌ ഓഫീസ് കളക്ഷന്‍ തമിലുള്ള അന്തരം കുറയ്ക്കാനും സെന്‍സിബിള്‍ സിനിമയ്ക്ക്‌ കുറച്ചു കൂടി വിപുലമായ ഒരു ക്യാന്‍വാസ് ലഭിക്കാനും ഒരു പരിധി വരെ ഇത് സഹായകരമാകും എന്നാണു തോന്നുന്നത്. സിനിമയുടെ നിയതമായ ഭാഷയെ പറ്റി ഗൌരവമായിത്തന്നെ ചിന്തിക്കുന്ന ഒരു വിഭാഗം ഫിലിം മേക്കേര്‍സ് ഉണ്ട്- Dr.ബിജുവിനെയും സുദേവനെയും പോലുള്ളവര്‍. മനസ്സില്‍ നിന്നും സിനിമ പിടിക്കുന്നവര്‍.  അവര്‍ കണ്ട കാഴ്ചകളും പൊഴിക്കുന്ന വിയര്‍പ്പുതുള്ളികളുമാണ് അവരുടെ ചിത്രങ്ങള്‍. ആ ചലച്ചിത്രവിസ്മയങ്ങള്‍ക്ക് കോടികളുടെ പത്രാസുമായി വരുന്ന മാസ്സ് സിനിമകളേക്കാള്‍ മൂല്യമുണ്ടാകുന്നത് ഏതു തരം വീക്ഷണത്തിലൂടെയാണെന്നത് വിശദീകരിക്കുമ്പോള്‍ നിങ്ങള്‍ വാര്‍ത്തെടുക്കുന്നത് വിവേകമുള്ള ചലച്ചിത്രപ്രേമികളെയാണ്. താരപരിവേഷങ്ങളളോടുള്ള ആഭിമുഖ്യവും ചെറിയ നല്ല സിനിമകളോടുള്ള അവഗണനയും വെടിഞ്ഞു സത്യസന്ധമായ അവലോകനത്തിനെങ്കിലും പ്രേക്ഷകര്‍ പ്രാപ്തരാകട്ടെ, കാരണം കല അനുഭവിക്കാനുള്ളതാണ്, തീര്‍ച്ച.......!!!!!N.B: ഞാന്‍ അവാര്‍ഡുകള്‍ എന്നു പറഞ്ഞത് സംസ്ഥാന-ദേശീയ തലത്തിലൊക്കെ കൊടുക്കുന്ന അവാര്‍ഡുകളെ പറ്റിയാണ്, അല്ലാതെ കാശു വാങ്ങി, ആള് സ്ഥലത്തുണ്ടോന്നു നോക്കി അവാര്‍ഡ്‌ കൊടുക്കുന്ന ചാനല്‍ നിശകളെ പറ്റിയല്ല..

16 അഭിപ്രായങ്ങൾ:

 1. നൂറിലൊന്നേയുള്ളൂ അര്‍ഹതനോക്കിയുള്ള അവാര്‍ഡ് ദാനം. (ആ പ്രയോഗം തന്നെ അന്വര്‍ത്ഥമാണ്: അവാര്‍ഡ് “ദാനം” )

  മറുപടിഇല്ലാതാക്കൂ
 2. ഏതോ ഒന്ന് രണ്ടു സിനിമകൾ നല്ലത് എന്ന് വിനീത് പറഞ്ഞല്ലോ.അത് എന്ത് അടിസ്ഥാനത്തിൽ ആണ്? വിനീതിന്റെ ആസ്വാദന ശേഷിയിൽ മുന്നിൽ വന്ന ചിത്രങ്ങൾ. അവാർഡുകളിലും അങ്ങിനെ സംഭാവിച്ചു കൂടെ? ജൂറിയ്ക്ക് മുന്നിൽ കുറെ ചിതങ്ങൾ വരുന്നു. അതിൽ ഓരോരുത്തരും ആവരവരുടെ കാഴ്ചയിൽ നല്ലത് എന്ന് തോന്നുനത് പറയുന്നു. ഓരോരുത്തരുടെയും കാഴ്ച്ചപ്പാട് വ്യത്യസ്തമാണല്ലോ. പിന്നെ സാമാന്യമായി എല്ലാവരും നല്ലത് എന്ന് പറയാവുന്ന ചിത്രങ്ങളും കാണും.

  മികച്ച സാങ്കേതിക വിദഗ്ധരെ ജൂറിയിൽ വേണമെന്ന് പറയുന്നത് ശരിയല്ല. സാങ്കേതികത്വം നോക്കുകയല്ല അവിടെ വേണ്ടത്. സിനിമ എങ്ങിനെ നമുക്ക് അനുഭവപ്പെടുന്നു എന്നതാണ്. മുഴച്ചു നിൽക്കാതെ നന്നായി അനുഭവപ്പെടുന്ന ചിത്ര സംയോജനത്തിനു/ശ്ചായാഗ്രഹണത്തിനു അവാർഡ് നൽകുക.


  എൻറെ ഒരു സുഹൃത്ത്‌ ഇത്തവണത്തെ സെൻട്രൽ ജൂറിയിൽ ഉണ്ടായിരുന്നു.

  വിദഗ്ധരുടെ നിഗമനങ്ങൾ നമ്മൾ ചർച്ച ചെയ്താലും എങ്ങും എത്താൻ പോകുന്നില്ല.

  ഇതിനും എല്ലാം അപ്പുറം ചില കളികൾഉണ്ട് വിനീത് പറഞ്ഞത് പോലെ.

  മറുപടിഇല്ലാതാക്കൂ
 3. വിവരമുള്ളവര്‍ തീരുമാനിക്കട്ടെ ,അതാണ് എന്‍റെ അഭിപ്രായം .അക്കൂട്ടര്‍ തുലോം വിരലമെന്നതും നേര് ....

  മറുപടിഇല്ലാതാക്കൂ
 4. മികച്ച ചിത്രം സംവിധാനം ചെയ്ത സംവിധായകനല്ലേ മികച്ച സംവിധായകൻ ആയി വരേണ്ടത്‌??മിക്കപ്പോഴും അങ്ങനെ അല്ലാതെ അവാർഡ്‌ പ്രഖ്യാപിക്കാറുണ്ട്‌...എന്ത്‌ പിണ്ണാക്ക്‌ മാനദണ്ഡം അനുസരിച്ചാണിങ്ങനെ?????

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അവരുടെ നിയമാവലിയില്‍ അത് പ്രത്യേകം പറയുന്നുണ്ട് മികച്ച സിനിമയുടെ സംവിധായകന് മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ കൊടുക്കാന്‍ പാടില്ല എന്ന്..
   രണ്ടു മികച്ച സിനിമകളെ ആദരിക്കാനാണ് എന്നാണു പ്രിയദര്‍ശന്‍ രണ്ടു വര്ഷം മുന്‍പ് വിശദീകരണം നല്‍കിയത്..

   ഇല്ലാതാക്കൂ
 5. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ മറക്കരുതേ...ലിങ്ക്...
  http://kappathand.blogspot.in/2015/04/blog-post_8.html

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാൻ സന്ദർശ്ശിച്ചാരുന്നു ശ്രീമാൻ കപ്പ്ത്തണ്ട്‌.

   ഇല്ലാതാക്കൂ
 6. കൊള്ളാം..
  അത്രക്ക് ഇഷ്ടമില്ലാത്ത മേഖലയായോണ്ടാവും..
  അത്രക്ക് ആസ്വദിക്കാനായില്ല...
  ഇഷ്ടം.. :)

  മറുപടിഇല്ലാതാക്കൂ
 7. കലയുടെ ഏറ്റവും വലിയ സൗന്ദര്യം അതിന്റെ 'subjectivity' ആണെന്നാണ്‌ എൻറെ വിശ്വാസം.അതുകൊണ്ടു തന്നെ അവാർഡുകളിൽ വല്യ കാര്യം ഉണ്ടെന്നു കരുതുന്നില്ല.പക്ഷേ ദേശീയ അവാർഡു നിർണ്ണയം പോലുള്ള കാര്യങ്ങളിൽ പരമാവധി 'objectivity' കൊണ്ടുവരേണ്ടതും അതു ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കേണ്ടതും ജൂറിയുടെ കടമ തന്നെയാണ്.
  നല്ല എഴുത്ത്.വീണ്ടും കാണാം.

  മറുപടിഇല്ലാതാക്കൂ
 8. "ശരിക്കും എന്തു കൊണ്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഒരു മികച്ച സൃഷ്ടിയായി എന്നുള്ളത് കാര്യകാരണം സഹിതം വാര്‍ത്താസമ്മേളനത്തില്‍ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം അവാര്‍ഡ് നിര്‍ണയിക്കുന്ന ജൂറിക്ക് ഇല്ലേ ??? അവാര്‍ഡിന് അര്‍ഹമായ പേര് പറയുന്നതോടൊപ്പം അതിനെപറ്റി ഒറ്റവരി മേന്മ പറഞ്ഞത് കൊണ്ട് അവരുടെ കടമ തീരും എന്നു കരുതാനാകുന്നില്ല. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രത്തിന്‍റെ മേന്മ എന്താണെന്നത് എടുത്തു പറയേണ്ടത് തന്നെയാണ്."
  അഭിപ്രായൈക്യമുള്ള പോയിന്റാണിത്. സര്‍വ്വസ്വീകാര്യമായ തീരുമാനങ്ങളിലെത്തിച്ചേരുക എന്നതിന്റെ അപ്രായോഗികത വേറെയും ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാലും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മറ്റെല്ലാ സംഗതികളും പോലെ ഇതും ഒരു വഴിപാട് രൂപത്തില്‍ കൊല്ലംതോരും ആവര്‍ത്തിക്കപ്പെടുന്നതായാണ്‌ മനസ്സിലാകുന്നത്. പലവിധ താല്‌പര്യങ്ങളും കൈകടത്തലുകളും കൂടിക്കുഴയുകയും അവയാല്‍ തീരുമാനങ്ങള്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുമ്പോള്‍ യുക്തമായ വിശദീകരണങ്ങള്‍ അസാധ്യമായിത്തീരുന്നു എന്നതാണ്‌ നിര്‍ഭാഗ്യകരമായ വസ്തുത. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 9. വസ്തു നിഷ്ഠമായ ഒരു സമീപനം അല്ല ഇപ്പോള്‍ അവാർഡുകളുടെ കാര്യത്തില്‍ നടക്കുന്നത് എന്നതില്‍ തര്‍ക്കമില്ലാത്ത വിഷയമാണ്.... അവാർഡ് ഇന്ന് പ്രഹസനമാവുന്നു.....

  മറുപടിഇല്ലാതാക്കൂ
 10. "
  N.B: ഞാന്‍ അവാര്‍ഡുകള്‍ എന്നു പറഞ്ഞത് സംസ്ഥാന-ദേശീയ തലത്തിലൊക്കെ കൊടുക്കുന്ന അവാര്‍ഡുകളെ പറ്റിയാണ്, അല്ലാതെ കാശു വാങ്ങി, ആള് സ്ഥലത്തുണ്ടോന്നു നോക്കി അവാര്‍ഡ്‌ കൊടുക്കുന്ന ചാനല്‍ നിശകളെ പറ്റിയല്ല.." അത് കലക്കി ;)

  മറുപടിഇല്ലാതാക്കൂ
 11. ദേശീയ?പ്രാദേശിക (രാഷ്ട്രീയ ) അവാർഡുകളെ
  പറ്റി വളരെ വസ്തു നിഷ്ഠമായി വിലയിരുത്തിയിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ