2014, ജൂലൈ 11, വെള്ളിയാഴ്‌ച

അത്യുത്തരാധുനിക ബ്ലോഗ്‌ പോസ്റ്റ്‌

" ഗംഗ അതീവസുന്ദരിയല്ല. എണ്ണക്കറുപ്പിന്റെ നിറമാണവൾക്ക്. അവളുടെ ചിരിക്കു ഒരു കുസൃതിത്തരമുണ്ട്. കണ്ണുകളുടെ വശ്യത ആ ചിരിക്കു തിളക്കം കൂട്ടും. ഒരു പതിനാറുകാരിയിൽ പ്രകൃതിക്ക് വരയ്ക്കാവുന്ന ചിത്രം ഗംഗയുടെ ഉടലിലുണ്ട്. അവളുടെ അച്ഛൻ എന്ന് സ്ഥാനപ്പേരുള ഗോപിക്കും അതറിയാം. ഗംഗ അടുത്ത് ചെല്ലുമ്പോൾ ഗോപിയുടെ കണ്ണുകളിൽ തെളിയുന്ന നക്ഷത്രത്തിളക്കം സതി ശ്രദ്ധിക്കുമായിരുന്നു.  സതി. ഗംഗയുടെ അമ്മ മാത്രമല്ല, ഗണ്മാൻ  കൂടിയാണ്. ഗംഗയുടെ ഇടവും വളവും അവരുണ്ട്. പുറത്തെ ദർശനാസ്ത്രങ്ങളിൽ നിന്നും അവളെ രക്ഷിക്കുന്ന അവർക്ക്  പക്ഷെ ഹൃദയമറുപാതിയോടു  പ്രതികരിക്കാൻ ശക്തിയില്ല. 'അല്ല മായേ , നീ ഇതെന്താ ഈയെഴുതി വച്ചിരിക്കുയ്ന്നെ....? കഥയുടെ സൌന്ദര്യം തന്നെ പോയല്ലോ.. അതോ ഇനി ഞാനറിയാതെ ഇയാള് കഥ പുതുക്കിപണിഞ്ഞോ ?

മായ എഴുതിയ പേപ്പർ തിരികെ വച്ച് കൊണ്ട് സുപാൽ അടുക്കളയിലേയ്ക്ക് ചെന്നു. ചായയെടുക്കുന്ന ഭാര്യയില്പ്രതീക്ഷിച്ച പ്രതികരണം കാണാതിരുന്ന അയാൾ അവരെ പുറകില നിന്ന് പൂണ്ടടക്കം കെട്ടിപ്പിടിച്ചു.
എന്ത് പറ്റി  ഭാര്യേ  ? ?
അയാളെ തള്ളിമാറ്റി ചായ സ്ലാബിനു മുകളില വച്ചിട്ട് മായ മുറിയിലേക്ക് കയറിപ്പോയി.
മുഖപുസ്തകത്താളിൽ വീണ്ടും ഒരു സ്റ്റാറ്റസ്  കൂടി അവർ എഴുതി.

               " പ്രണയം വിവാഹത്തിനു മുൻപാണ്
                  വിവാഹത്തിനു ശേഷം അഭിനയമാണ്...."

സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്ത്  തിരികെച്ചെന്ന് സിറ്റൌട്ടിൽ പത്രത്തോടൊപ്പം ചായയും മൊത്തിക്കുടിക്കുന്ന നിയമപരമായ ഭർത്താവിനു ഒരുമ്മ കൊടുത്തു. ഒന്ന് ചിരിച്ചും കാണിച്ചു.

'ഞാൻ പിന്നെ വരാവേ, അടുക്കളയിൽ ഇത്തിരി ജോലിയുണ്ടേ ' എന്ന് പറഞ്ഞു മായ പിൻവാങ്ങി അകവാതിലിൽ മറഞ്ഞപ്പോൾ സുപാലിന്റെ ഫോണിൽ ഫേസ്ബുക്ക്‌  നോട്ടിഫിക്കേഷൻ വന്നു.

              " പ്രണയം വിവാഹത്തിനു മുൻപാണ്
                  വിവാഹത്തിനു ശേഷം അഭിനയമാണ്...."

 ഒട്ടും സംശയിക്കാതെ അയാൾ  ഞെക്കി.
 ഇഷ്ട്ടപെട്ടു.
പക്ഷെ അയാൾക്ക്‌ മുൻപ് 300 പേര് അവരുടെ ഇഷ്ടം അറിയിച്ചിരുന്നു.


 അന്ന് വൈകുന്നേരം തന്നെ ഗംഗയുടെ തടിച്ച മുലകൾ നോക്കിയ അച്ഛൻ ഗോപിയുടെ കഥ ബ്ളോഗിൽ പ്രസ്സിദ്ധീകരിച്ചു.

തുറന്നെഴുത്ത് ആണിന് ചേർന്നാൽ അതിന്റെ നിറം ബ്ളൂ  ആണെന്നും പെണ്ണിന് ചേർന്നാൽ അതിന്റെ നിറം നീല ആണെന്നും സുപാൽ അഭിപ്രായപ്പെട്ടു.
പക്ഷെ അതിനും മണിക്കൂറുകൾക്കു മുൻപ്  ഗോപി നിന്ദ്യനെന്നു ഗോപി മുദ്ര  കുത്തി.
ഗംഗ നിഷ്കളങ്കയായിരുന്നു എന്ന് ഗംഗ സഹതപിച്ചു.
പക്ഷെ സതി മാത്രം ബ്ളൂവും  നീലയും വേർതിരിച്ച് കണ്ടു.
 ആ തിരിച്ചറിവ് പക്ഷെ ഈയെഴുത്തിൽ ഭ്രാന്തായിരുന്നു....!!! 
സുപാൽ ഭ്രാന്തനും;
സതി ഒറ്റപ്പെട്ടവളും;
ഇഷ്ടമില്ലാത്ത അഭിപ്രായങ്ങൾ കടന്നു ചെല്ലാത്ത ചുവരുകൾക്കുടമകൾ മറ്റുള്ളവർ...

 ആശംസയും, പ്രോത്സാഹനവും വാരിക്കൂട്ടുകയായിരുന്ന മായ മേനോൻ  അപ്പോഴും തന്റെ പുതിയ അക്ഷരക്രമത്തിന്റെ  പണിപ്പുരയിലായിരുന്നു.
 N.B: ജഗതിയുടെ ഉത്തരാധുനിക കവിത പോലെ എന്ന് മാത്രം വ്യാഖ്യാനിക്കരുത്.
         ( അതിനേക്കാൾ  മ്ലേച്ചം എന്നും പറയരുത്....!!!!!!)


2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

മാതൃത്വം

നീണ്ട ഇടനാഴിയിൽ തങ്ങളുടെ ഊഴത്തിനായി കാത്തിരുന്ന അമൃത കൊക്കറിനും ബെനഡിക്റ്റ്‌   കൊക്കറിനും അക്ഷമ കാരണം നിവൃത്തിയില്ലായിരുന്നു. കൈകള്‍ തമ്മിൽ കൂട്ടിയും അഴിച്ചും അവർ സമയത്തെ തള്ളി നീക്കിക്കൊണ്ടിരുന്നു. രണ്ടു മണിക്കൂര്‍ നേരമായി ആ ഇരുപ്പ് തുടങ്ങിയിട്ട്.
അലക്ഷ്യമായി സഞ്ചരിക്കുന്ന അമൃതയുടെ കണ്ണുകളിൽ വിഷമവും ദേഷ്യവും നിരാശയും കലർന്നിരുന്നു. ബനഡിക്ടിന്‍റെ കണ്ണുകളില്‍ പക്ഷെ പതിവ് നിസ്സംഗതയായിയിരുന്നു തളം കെട്ടി നിന്നത്.
ഇടയ്ക്കിടെ മുഖത്തെ കണ്ണാടി നേരെ വച്ചും ഇടം കൈ കൊണ്ട് മുടി മാടിയൊതുക്കിയും അയാള്‍ ഇരുന്നു.
അമൃത ആരോടൊക്കെയോ ഫോണില്‍ സംസാരിച്ചു, ചിലരോട് കയര്‍ത്തു. ഒടുവില്‍ അവള്‍ സഹികെട്ട് പറഞ്ഞു, ഓ.പി. റൂമില്‍ ചെന്ന് അന്വേഷിക്കാന്‍. ഒരു ഡോക്ടറെയല്ലേ കാത്തിരിക്കുന്നത്, കളക്ടറെയല്ലല്ലോ..!!
ബെനഡിക്റ്റ്‌  എഴുന്നേറ്റു പോയി.
അമൃത കൈ നെറ്റിയില്‍ താങ്ങി കുറെ നേരം ഇരുന്നു. ബെനഡിക്റ്റ്‌  വന്നു വിളിച്ചപ്പോഴാണ് അവള്‍ മുഖം ഉയര്‍ത്തിയത്‌. എത്ര നേരം അങ്ങനെ ഇരുന്നുവെന്നത് അവള്‍ക്കു തന്നെ നിശ്ചയം  പോരാ.

"എന്തായി, ബെനഡിക്റ്റ്‌   ?"

" ഡോക്ടര്‍ റൂമിലുണ്ട്, വാ.."

 ഒരു ദീര്‍ഘനിശ്വാസം എടുത്ത ശേഷം അമൃത പതിയെ എഴുന്നേറ്റു ബെനഡിക്ട്ടിന്‍റെ  ഒപ്പം നടന്നു. മുന്നിലെ നീണ്ട ഇടനാഴി അവസാനിച്ചത്‌ Dr.അഷിത  എന്ന പേരിനു താഴെ അടഞ്ഞു കിടക്കുന്ന ബ്രൌണ്‍ നിറം പൂശിയ വാതിലിനു മുന്നില്‍.  ഡോര്‍ ഹാന്‍ഡില്‍ തിരിച്ചപ്പോള്‍ തന്നെ കയറി വരാനുള്ള  അനുവാദം അകത്തു നിന്നും കിട്ടി.

Dr.അഷിതയുടെ മുന്നില്‍ അവര്‍ ഇരുന്നു. ഇരുപത്തിയേഴ്- ഇരുപത്തിയെട്ട് പ്രായം വരുന്ന, എന്നാല്‍ അതിനേക്കാള്‍ പക്വത മുഖത്ത് പ്രതിഫലിപ്പിക്കുന്ന ഒരുവളായിരുന്നു അഷിത. അമൃതയും ബെനഡിക്റ്റും പരസ്പരം നോക്കി. കുറച്ചുകൂടി  പ്രായമുള്ള ഒരു സ്ത്രീയെ ആയിരുന്നു അവര്‍ പ്രതീക്ഷിച്ചത്.


"So, you are Mr.Benedict. right ?"

"Yes doctor. this is my wife, Amritha Kokker. ഞങ്ങളൊരു രണ്ടു മണിക്കൂറായി ഡോക്ടറിനെ വെയിറ്റ് ചെയ്യുന്നു."

"ഒരു സര്‍ജറി ഉണ്ടായിരുന്നു. നേരത്തെ കമ്മിറ്റ് ചെയ്തതല്ല. But, I have to compromise sometimes...
 എന്താ നിങ്ങളുടെ പ്രശ്നം ? "
Dr.അഷിത  ഒന്ന് മുന്‍പോട്ടു ആഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.

"എന്ത് തന്നെയായാലും അത് തുറന്നു പറയണം
ഡോക്ടറോട് കള്ളം പറയാന്‍ പാടില്ല"


അവര്‍ പരസ്പരം നോക്കി സംശയിച്ചിരുന്നു. അല്‍പസമയം കടന്നു പോയിട്ടും ഇരുവരും ഒന്നും മിണ്ടിയില്ല.

"Come on, speak out. I just don't want to waste my time. കാര്യം പറയു.."

ഒന്നറച്ചു നിന്ന ശേഷം ബെനഡിക്റ്റ്‌  തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു.
"She is carrying. മൂന്നു മാസമായി."

"ഓ.. എന്നിട്ട് നിങ്ങളിപ്പോഴാണോ കണ്‍സല്‍ട്ട് ചെയ്യാന്‍ വരുന്നേ ?"
അഷിത അമൃതയുടെ മുഖത്തേയ്ക്കു നോക്കി.
തന്റെ പ്രായമേ അമൃതയ്ക്ക് കാണൂ എന്നവളോര്‍ത്തു. അത് തന്നെയായിരുന്നു അമൃതയുടെയും മനസ്സില്‍.
"അതോ നിങ്ങള്‍ വേറെ ഏതെങ്കിലും ഡോക്ടറിന്‍റെ  കെയറില്‍ ആണോ ?
If so, what i've to do ?"

അഷിത ചോദിച്ചത് അമൃതയോട് ആയിരുന്നെവെങ്കിലും മറുപടി പറഞ്ഞത് ബെനഡിക്റ്റ്‌  ആയിരുന്നു.

"See doctor, ഞങ്ങള്‍ക്കീ കുഞ്ഞിനെ വേണ്ട.
 We need your help. ഇത് അബോര്‍ട്ട് ചെയ്യണം. "

"What nonsense are you talking Mr.?
Abortion ?"

"Dr.Ashitha, please listen us. ഞങ്ങള്‍ക്ക് ആള്‍റെഡി ഒരു മകളുണ്ട്. She is five year old now.  ഇപ്പൊ മറ്റൊരു കുഞ്ഞ്.....
അത് ഞങ്ങള്‍ക്ക് ചിന്തിക്കാനാവില്ല ഡോക്ടര്‍.
It just happened."

" അത് ഇപ്പോഴാണോ നിങ്ങള്‍ ആലോചിക്കുന്നത് ? നിങ്ങള്‍ പ്രിക്വേഷന്‍സ് എടുക്കണമായിരുന്നു. അല്ലാതെ അബോര്‍ഷന്‍ അല്ല ഇതിനുള്ള പ്രതിവിധി."

" ഞാന്‍ പറഞ്ഞല്ലോ ഡോക്ടര്‍, ഞങ്ങളുടെ സിറ്റുവേഷന്‍ അതാണ്‌. അടുത്ത സണ്‍‌ഡേ ഞങ്ങള്‍ ബഹറിന്‍ ലേയ്ക്ക് പോകും. അതിനു മുന്‍പ്....
I can offer you a good amount, for sure.."

"നിങ്ങളുടെ സാഹചര്യം മോശമായത് കൊണ്ട് ഒരു ജീവന്‍ ഇല്ലാതാക്കണം എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത് ?
കുഞ്ഞുങ്ങളില്ലാത്ത എത്ര അമ്മാരുണ്ട് നമുക്ക് ചുറ്റും..
അവരുടെ കണ്ണീരു കണ്ടിട്ടുണ്ടോ നിങ്ങള്‍..?
നിങ്ങളും ഒരു അമ്മയല്ലേ ?
സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ ഏതെങ്കിലും ഒരമ്മ കൂട്ട് നില്‍ക്കുവോ ?
How can you say that ?"


അഷിതയുടെ സ്വരം വല്ലാതെ ഉയര്‍ന്നിരുന്നു. ആ ഉറച്ച ശബ്ദം അഥിതികളെ കുറച്ചു നേരത്തേയ്ക്ക് ശ്വാസം മുട്ടിച്ചു.

" നിങ്ങള്‍ക്കിപ്പോ ഒരു കുട്ടി മതി എന്നാണോ തീരുമാനം ?"
അത്രനേരവും മിണ്ടാതിരുന്ന അമൃതയോടായി അഷിത ചോദിച്ചു. അമൃത അതെ എന്നര്‍ത്ഥത്തില്‍ തല കുലുക്കുക മാത്രം ചെയ്തു. അവളുടെ മുഖത്ത് പ്രകടമാകുന്ന ഭാവഭേദങ്ങള്‍ തിരിച്ചറിയാന്‍ അഷിതയ്ക്കായില്ല.
ഒന്നാലോചിച്ചു നോക്കിയിട്ട് അവള്‍ ബെനഡിക്റ്റ്‌ നോട് ചോദിച്ചു:
" എന്താ നിങ്ങളുടെ തീരുമാനം ? ഒരു കുട്ടി മതി എന്നാണോ ?"

"Yes, doctor."
ഒട്ടു സംശയമില്ലാതെ വളരെ പെട്ടെന്നായിരുന്നു അയാളുടെ ഉത്തരം.

"എങ്കില്‍ പിന്നെ എന്തിനീ ഗര്‍ഭസ്ഥശിശുവിനെ കൊല്ലണം ?
Why don't you put a plan to kill your five year old daughter ?
ആ കുട്ടിയെ കൊല്ലുന്നതല്ലേ എളുപ്പം. തന്റെ ഭാര്യയുടെ ശരീരതിനുണ്ടാവുന്ന റിസ്ക്‌  ഒഴിവാക്കുകയും ചെയ്യാം. "

"യൂ....."
പെട്ടെന്ന്  ബെനഡിക്റ്റ്‌  ചാടിയെഴുന്നേറ്റു.
" ഒരു ഡോക്ടര്‍ ആണെന്ന് കരുതി എന്തും പറയാനുള്ള ലൈസന്‍സ് ഉണ്ടോ ?"
അയാള്‍ ദേഷ്യം കൊണ്ട് നിന്ന് വിറച്ചു.
അമൃതയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിച്ചുകൊണ്ടിരുന്നു..


" നിങ്ങളെന്തിനാ മിസ്റ്റര്‍ ചൂടാവുന്നത്..?
രണ്ടും ജീവന്‍ തന്നെയല്ലേ.. നിങ്ങളുടെ സ്വന്തം ചോര. പിന്നെന്താ ?
രൂപവും ആകാരവും ഇല്ലെന്നു കരുതി ഒരു ജീവനെ നശിപ്പിക്കാമെന്നു കരുതിയോ ?
അഞ്ചു വയസ്സുള്ള മകളെ കൊല്ലുന്നതും വയറ്റിലുള്ള കുട്ടിയെ അബോര്‍ട്ട് ചെയ്യുന്നതും തമ്മില്‍ എന്താടോ വ്യത്യാസം ?
Please leave the place and just clear off..."

ബെനഡിക്റ്റ്‌  അമര്‍ത്തിച്ചവിട്ടി പുറത്തേയ്ക്ക് പോയി.പോകുമ്പോള്‍ അമൃത ഒരു തവണ കൂടി തിരിഞ്ഞു നോക്കി. അഷിതയുടെ കണ്ണുകളെ നേരിടാന്‍ അവള്‍ക്കായില്ല.
പതിയെ പുറത്തേയ്ക്ക് ചുവടുകള്‍ വച്ചു.

അവര്‍  പോയിക്കഴിഞ്ഞു അഷിത പുറകിലേയ്ക്ക് ചാഞ്ഞിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു തൂവിയിരുന്നു. അല്പം മുന്‍പ് ഇറങ്ങിപ്പോയ മനുഷ്യനെ തിരുത്താന്‍ തനിക്കു കഴിഞ്ഞില്ല, പക്ഷെ ആ അമ്മയുടെ മനസ്സിനെ ചെറുതായെങ്കിലും സ്പര്‍ശിക്കുവാന്‍ കഴിഞ്ഞു.
അവള്‍ കണ്ണുകള്‍ മെല്ലെ അടച്ചു.

പെട്ടെന്ന് എവിടെ നിന്നോ കുറെ കുട്ടികള്‍ നിഷ്ക്കളങ്കമായി ചിരിച്ചു കൊണ്ട് അവളുടെ മുന്നിലെത്തി.  അവര്‍ അവള്‍ക്കു മുന്നില്‍ നൃത്തം ചെയ്തു.
പൂക്കള്‍ വര്‍ഷിച്ചു.
മാലാഖയെ പോലെ വാഴ്ത്തി.
അവര്‍ പല ഭാഷകളില്‍ പല സ്വരങ്ങളില്‍ അവളോട്‌ നന്ദി പറഞ്ഞു കൊണ്ടിരുന്നു.


N.B. :  ഈയടുത്ത് ഞാന്‍ സാക്ഷിയാകേണ്ടി വന്ന ഒരു സംഭവമാണ് കഥയുടെ ആവരണത്തില്‍ പൊതിഞ്ഞു കുറിച്ചത്. അതിലെ സംഭാഷണങ്ങള്‍ ഞാനായി എഴുതിയതല്ല, അവര്‍ പറഞ്ഞതാണ്.
അവരുടെ വാക്കുകള്‍ ഞാന്‍ കടമെടുത്തു എന്നുമാത്രം.
ഇത് പോലെയുള്ള ഡോക്ടര്‍മാര്‍ ഇനിയും ഉണ്ടായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്നു..
ആ നന്മ മനസ്സിന്  ഈ  വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു...
                                                       ------------------ വാവ