2013, ജൂൺ 5, ബുധനാഴ്‌ച

പാവം ആട്ടിടയന്‍


   ഇന്നവളുടെ കല്യാണമാണ്. അവളെന്‍റെ പ്രണയിനി, പ്രേയസി, കാമുകി എന്നൊക്കെ വിളിക്കപ്പെട്ടിരുന്നു. ഇന്ന് രാവിലെ 11.30 വരെ അതൊക്കെ അങ്ങനെ തന്നെയായിരിക്കും. അത് കഴിഞ്ഞാലും അങ്ങനൊക്കെത്തന്നെയാണ്, പക്ഷെ അതിന്‍റെ കൂടെ അവള്‍ക്കു മറ്റൊരു അലങ്കാരപദം ചാര്‍ത്തിക്കിട്ടും: വെട്ടത്തറയിലെ രഘുനാഥന്‍ നായരുടെ മകന്‍ ബാലചന്ദ്രന്‍ നായരുടെ ഭാര്യാ പദവി.

അവളൊരു പാവമായിരുന്നു. എന്നുവച്ചാല്‍ എന്നെക്കാള്‍ പാവം എന്ന അര്‍ത്ഥമേയുള്ളൂ. ഞാനും അവളും ഒരുമിച്ചു പഠിച്ചതാണ് പ്ലസ്‌ ടു വിന്. ശേഷം ഭാഗം ആശുപത്രിയില്‍ കാണാം എന്നും പറഞ്ഞു അവള്‍ മെഡിസിന്‍ പഠിക്കാന്‍ പോയി. ഞാന്‍ എന്‍റെ വഴിയേയും. പക്ഷെ അതിനിടയില്‍ മൊട്ടിട്ട പ്രണയം പൂത്തു വിടര്‍ന്നു. അതിന്‍റെ സുഗന്ധം നാട്ടില്‍ എല്ലായിടത്തും ഉണ്ടാരുന്നു, എന്‍റെയും അവളുടെയും വീടുകളിലൊഴിച്ച്....
അവള്‍ മെഡിസിന് പോയത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നു,വേറൊന്നും കൊണ്ടല്ല, അത് തീരാന്‍ കുറച്ചു സമയം എടുക്കും. അപ്പോഴേയ്ക്കും എനിക്കൊരു കരയ്ക്കെത്താമല്ലോ !! ഒരേ പ്രായമായതു കൊണ്ടുള്ള പ്രശ്നമാ ഇതൊക്കെ..!! അതത്ര കാര്യമാക്കിയില്ല, സ്വന്തം ആദര്‍ശങ്ങള്‍ എന്നും കൂട്ടിനുണ്ടല്ലോ...(?)
അങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ നല്ല ഒന്നാന്തരമൊരു നായര്‍ ഡോക്ടര്‍ ആയി. ഞാന്‍ നല്ല മിടുക്കനായ ഒരു  നസ്രാണി MA ക്കാരനും.
ഒരു MA മലയാളംകാരന് മിനിമം വേണ്ടുന്ന എല്ലാ ദൂഷ്യ വശങ്ങളും എനിക്കുമുണ്ടായിരുന്നു. നിലനില്‍ക്കുന്ന എല്ലാ വ്യവസ്ഥിതികളോടും വെറുപ്പും വിദ്വേഷവും, സകല അനീതികളോടും ദേഷ്യവും അമര്‍ഷവും..
പ്രതികരണ ശേഷി തലയ്ക്കു പിടിച്ചപ്പോ പാര്‍ട്ടി പ്രവര്‍ത്തനം.
കൂട്ടത്തില്‍ നിന്നു കുഴി വെട്ടിയപ്പോള്‍ പിന്നത്തെ സഞ്ചാരം അക്ഷരങ്ങളുടെ വഴിയെ...


പണ്ട് പ്ലസ്‌ ടു വിനു പഠിക്കുന്ന കാലത്ത് അവളെക്കൊണ്ട് ഇഷ്ടമാണെന്നു പറയിപ്പിക്കാന്‍ വേണ്ടി കുറെ നാടകം കളിച്ചതിന്‍റെയും ഹീറോയിസം കാണിച്ചതിന്‍റെയും കൂട്ടത്തില്‍ അഞ്ചു രൂപയുടെ ഒരു പ്ലാസ്റ്റിക് ആനവാതില്‍ മോതിരം പള്ളിപ്പെരുന്നാളിനു പള്ളിപ്പറമ്പില്‍  നിന്ന് കൂട്ടുകാരനോട് കടം വാങ്ങി പൈസയില്‍ മേടിച്ച് തൂക്കുപാലത്തിനു മുകളില്‍ നിന്നുകൊണ്ട് സഹപാഠികള്‍ നോക്കി നില്‍ക്കെ അവളുടെ വിരലില്‍ ബലമായി ഇട്ടു കൊടുത്തു. ചുണ്ട് കോട്ടി കണ്ണുരുട്ടി വളരെ സിമ്പിളായി അവളതു തോട്ടിലെറിഞ്ഞു. അവള്‍ക്കു ഞാനാദ്യമായി വാങ്ങിക്കൊടുത്ത സമ്മാനം, അവസാനമായിട്ടും. പിന്നീട് അവളെന്‍റെ ഏതാണ്ടൊക്കെ ആയിട്ടും അഞ്ചു പൈസ പോലും മുടക്കീട്ടില്ല ഞാന്‍..!


അവളെറിഞ്ഞു കളഞ്ഞ ആ ആനവാല്‍ മോതിരത്തെ ഓര്‍ക്കുമ്പോഴുള്ള അതേ വേദന ഇപ്പോഴും..
അവളന്നേ പറഞ്ഞതാ, പഠിച്ചൊരു ജോലി വാങ്ങിച്ചെടുക്കാന്‍.
പഠിച്ചു. പിന്നെ ഈ വൈറ്റ് കോളര്‍ ജോബിനോട് തീരെ താല്പര്യമില്ലാത്തത് കൊണ്ട് ഇങ്ങനെ പോകുന്നു. ജീവിച്ചു പോകാനുള്ള വരുമാനം പലചരക്ക് കടയില്‍ നിന്ന് കിട്ടുന്നുണ്ട്‌. മാതൃഭുമിയുടെ സ്വ.ലേ.യ്ക്ക് കിട്ടുന്ന ശമ്പളം അധികമാണ് താനും.
പിന്നെന്തിനാ വേറൊരു ജോലി ?
കിടക്കാന്‍ വീട്, ഉടുക്കാന്‍ വസ്ത്രം, കഴിക്കാന്‍ ഭക്ഷണം.. ഇത്രയും പോരെ ?

പക്ഷെ തറവാട്ടില്‍ പിറന്ന കാരണവര്‍ക്ക്‌ മകളെയൊരു പലചരക്ക് കടക്കാരന് കൊടുക്കാന്‍ കുറച്ചിലാണത്രെ..!!
ഗവണ്മെന്റ് ഉദ്യോഗമില്ല, സ്ഥിര വരുമാനമില്ല.... പിന്നെ നിറം കറുപ്പും ഉയരം കുറവും എന്നും പറഞ്ഞു. ഇതിനേക്കാള്‍ ഭീകരമായി അയാള്‍ കണ്ടുപിടിച്ച പ്രശ്നം മറ്റൊന്നായിരുന്നു. ഞാന്‍ തീറ്റിയത് ആടിനെയാണ്, അയാള്‍ക്കാവശ്യം പശുവിനെ തീറ്റിയ പയ്യനെയാണ്. രണ്ടായാലും തീറ്റിയത് നാല്‍ക്കാലിയെ തന്നെയല്ലേ എന്നെന്നിലെ മലയാളംകാരന്‍ എഴുന്നേറ്റു നിന്ന് ചോദിച്ചു. പക്ഷെ കാരണവര്‍ കേട്ട ഭാവം പോലും നടിച്ചില്ല.
അങ്ങനെ ആടിനെ തീറ്റിയ പേരില്‍ അവിടെ നിന്നും ഞാന്‍ ആട്ടി പുറത്താക്കപ്പെട്ടു.
ഗേറ്റ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ മുകളിലത്തെ മുറിയിലെ ജനാലയില്‍ നിന്നും എന്‍റെയരികിലെയ്ക്ക് പറന്നു വന്ന ഫ്ലയിംഗ് കിസ്സ്‌ ഞാന്‍ പോക്കെറ്റിലാക്കി..
അവിടെ നിന്നിറങ്ങിയ ഞാന്‍ പിന്നെ നേരെ പോയത് പശുവിനെ തീറ്റിയ ബാലചന്ദ്രന്‍റെ അടുത്തേയ്ക്കായിരുന്നു. അവന്‍ ആള് കൊള്ളാം. നല്ല രസമുണ്ട് കാണാന്‍. ഒരു ആറടി പൊക്കത്തില്‍ 90-95 സൈസില്‍ ഒരു സാധനം. അവനെ കണ്ടപ്പോ എനിക്ക് പക്ഷെ 3D ആയിട്ടാണ് തോന്നിയത്. ദൂരേന്നു വന്നാലും അവന്‍റെ വയര്‍ നമ്മുടെ കണ്മുന്നിലുണ്ടാകും.

"വാ, ഞാന്‍ കാത്തിരിക്കുകയായിരുന്നു..."
എന്നെക്കണ്ട് ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു.

"എന്തിന് ?" ഞാന്‍ ചോദിച്ചു.

"വരവിന്‍റെ ഉദ്ദേശ്യം നടക്കില്ലെന്നു പറയാന്‍. അവളെ എനിക്ക് ഇഷ്ടപ്പെട്ടു. അവളുടെ അച്ഛന് എന്നെയും. ഈ മാസം 26 നു നടത്താനാണ് തീരുമാനം. വേറെ പരിപാടിയൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെങ്കില്‍ വരണം."
പശുവിനെ മേയാന്‍ വിട്ടിട്ടു ആവന്‍ ഈണത്തില്‍ ഓടക്കുഴലൂതി.


പാലത്തില്‍ കൂടി നടന്നപ്പോള്‍ ആനവാല്‍ മോതിരമെറിഞ്ഞ തോട്ടില്‍ അവള്‍ തന്ന ഫ്ലയിംഗ് കിസ്സ്‌ ഞാനുപേക്ഷിച്ചു. ഞാന്‍ ചുംബിച്ചു നല്‍കിയ ആനവാല്‍ മോതിരത്തിനടുത്ത് അവളുടെ നനവുള്ള ഫ്ലയിംഗ് കിസ്സ്‌ വീണു കിടന്നു.


ഓര്‍മകള്‍ക്ക് സൌന്ദര്യമുണ്ടാകുന്നത് പെണ്ണിന്‍റെ സുഗന്ധമുള്ളപ്പോഴാണ് എന്ന് അയാള്‍ (ഞാന്‍) പറഞ്ഞതെത്ര ശരി..!!
ഇപ്പൊ സമയം 11.25. അഞ്ചു മിനിറ്റ് ബാക്കിയുണ്ട്. ഞാന്‍ ആടിനെ തീറ്റിയത്തില്‍ അവള്‍ക്കു പരിഭവമില്ല, ആട്ടിടയനായിപ്പോയതില്‍ വിഷമവുമില്ല. വിളിച്ചാല്‍ ഒരുപക്ഷെ അവളിറങ്ങി വന്നേക്കും.....


                   വിളിച്ചാലോ ?