2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

ജീവിതത്തിന്റെ ഉത്തരം

അച്ഛന്‍ കടലില്‍ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ ?
എന്റെ ഏഴു വയസ്സുകാരന്‍ മകന്‍ അഭിജിത്ത് എന്നോട് ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല...
രാത്രി സൂര്യന്‍ കടലിനടിയില്‍ പോകുമ്പോ മീനുകള്‍ക്കൊക്കേയും  ചൂടെടുക്കില്ലേ അച്ഛാ... ?
അവന്‍ പിന്നെയും ചോദിച്ചു...
ഇത്തവണയും ഞാന്‍ മിണ്ടിയില്ല...
എന്റെ ഭാഗ്യം !!
അവന്‍ പിന്നീടൊന്നും ചോദിച്ചില്ല.
 കുറച്ചു നേരം കൂടി അവന്‍ എന്നെ നോക്കി ഉത്തരത്തിനായി കാത്തു നിന്നു. ഒരു മറുപടി കിട്ടാത്തത് കൊണ്ടോ എന്റെ മുഖത്തെ നിസ്സംഗത  കണ്ടിട്ടോ അവന്‍ കൂടുതലൊന്നും  ചോദിക്കാതെ പിന്തിരിഞ്ഞു പോയി..

അല്ലെങ്കിലും മകന് എങ്ങനെ തന്റെ പ്രശ്നങ്ങളറിയാം ?
അവന്റെ പ്രധാന പ്രശ്നങ്ങള്‍ മണ്ണും സൂര്യനും മഴയും മഴവില്ലും മയില്‍പ്പീലിയും ഒക്കെയല്ലേ.....
കുരുന്നു മനസ്സുകളില്‍ നിഷ്കളങ്കത കയറി കൂടുന്നത് ഇത്തരം കൌതുകങ്ങള്‍ക്ക് വേണ്ടിയാകണം.. ഇത് പോലൊരു ബാല്യത്തിലായിരുന്നു ഞാനിന്നെങ്കില്‍ ? എന്റെ പ്രശ്നങ്ങളും മഴയും മഴവില്ലും ഒക്കെയായിരുന്നു എങ്കില്‍ ?

ഉവ്വോ ?
കടലില്‍ മഴ പെയ്യാറുണ്ടോ ?
കാണുമല്ലോ... കരയില്‍ പെയ്യുമെങ്കില്‍ പിന്നെന്താ കടലില്‍ പെയ്താല്‍ ?
ഞാന്‍ കണ്ടിട്ടുണ്ടോ ?
അതില്ല... താന്‍ കണ്ടിട്ടില്ല..  ഒരു പക്ഷെ, ആരും കാണാതെയാകും കടലില്‍ പെയ്യുന്നത്...
എനിക്ക് ലഭിച്ച ഉത്തരം മകനോട്‌ പറയണ്ടേ....?
അവനെന്നെ ശ്രദ്ധിക്കുന്നുണ്ട്.. ഒരു കമ്പിക്കഷണം കൊണ്ട് കയ്യിലിരിക്കുന്ന കളിപ്പാട്ടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയാണ് അവനിപ്പോള്‍.
 വേണ്ട. അവനോടത് പറയണ്ട. ചിലപ്പോള്‍ അവന്‍ മറ്റേതെങ്കിലും ചോദ്യങ്ങള്‍ കൂടി ആവര്‍ത്തിച്ചെന്നിരിക്കും. അത് കൊണ്ട് ചോദ്യം കേട്ടില്ലെന്ന ഭാവത്തിലിരിക്കുന്നതാകും ബുദ്ധി. പക്ഷെ കൃത്യമായ ഇടവേളകളിട്ടു അവനെന്നെ നോക്കുന്നുണ്ടായിരുന്നു. ഓരോ പത്ത് സെക്കന്റ്‌ കഴിയുമ്പോഴും അവന്‍ ഉത്തരത്തിനായി എന്നെ നോക്കും.
ഞാന്‍ കമ്പ്യൂട്ടെറിലേയ്ക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. കണ്‍മുന്നിലെ ഇംഗ്ലീഷ് സിനിമ ഇഷ്ടമുണ്ടായിട്ട് കാണുന്നതല്ല,
ഏഴു വയസ്സുകാരനായ തന്റെ മകനില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി മാത്രം കാണുന്നതാണ്..!!

 സമയം എട്ടാകുന്നു. മീര ഇത് വരെ വന്നില്ല. സാധാരണ ഏഴു കഴിയുമ്പോള്‍ വരുന്നതാണ്.
 ബസ്‌ കിട്ടിക്കാണില്ല. അല്ലെങ്കില്‍ വഴിയില്‍ ട്രാഫിക് കൂടുതലായിരിക്കും.
വിശക്കുന്നു. ചപ്പാത്തിയും മുട്ട റോസ്റ്റും ടേബിളില്‍ നിരത്തിയിട്ടാണ് സെര്‍വന്റ്  പോയത്.
അഭി ഇപ്പൊ ടിവിയുടെ മുന്‍പില്‍ ചെന്നിരിപ്പാണ്. മിസ്റ്റര്‍ ബീനോടൊപ്പം ചേര്‍ന്ന് അവന്‍ എതിരാളികളെ വെല്ലുവിളിക്കുകയും  കളിയാക്കുകയുമൊക്കെ ചെയ്യുന്നു.
ഞാന്‍ ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്തു. ഓണ്‍ലൈനില്‍ അധികം പേരില്ല..
ഒന്ന് രണ്ടു ഫോട്ടോ അപ്ലോഡ്‌ ചെയ്തു. ഞാനും മീരയുമായി നില്‍ക്കുന്നത്. കല്യാണം കഴിഞ്ഞ സമയത്തുള്ളവ. തറവാട്ടിന് മുന്നില്‍ മുത്തശിയോടൊപ്പം നില്‍ക്കുന്നതായിരുന്നു അതിലൊന്ന്. കുറച്ചു നേരം കൂടി അവിടെ ചുറ്റിയടിച്ചിട്ടു സൈന്‍ ഓഫ്‌ ചെയ്തു.
എന്ത് ചെയ്യണമെന്നറിയാതെ അര മിനിട്ട് അങ്ങനെ തന്നെ ഇരുന്നു..
പിന്നെ ഗൂഗിള്‍ ഓപ്പണ്‍ ചെയ്തു. യാന്ത്രികമായി എന്റെ വിരലുകള്‍ പോണ്‍  മൂവി എന്ന് ടൈപ്പ് ചെയ്യാന്‍ തുടങ്ങി. സ്ക്രീനില്‍ നിരന്ന സെര്‍ച്ച്‌ റിസല്‍റ്റിലേയ്ക്ക്  ഞാന്‍ കണ്ണ് നട്ടു.
പതിയെ ഏതോ സൈറ്റില്‍ നിന്നും മാദക ദദൃശ്യങ്ങള്‍ തെളിഞ്ഞു വന്നു. കസേരയിലേയ്ക്കു ഒന്ന് കൂടി ഇരുപ്പുറപ്പിച്ച ഞാന്‍ അഭി കാണാതെ മോണിട്ടര്‍ എന്റെ ഭാഗത്തേയ്ക്ക് തിരിച്ചു വച്ചു.

നേരം കടന്നു പോയ്ക്കോണ്ടിരുന്നു.
മുന്‍വശത്ത് ഡോര്‍ തുറക്കുന്ന ശബ്ദം. മീര.
ഞാന്‍ ക്ലോക്കിലെയ്ക്ക് നോക്കി. സമയം 8:20.
 "ഹരി കഴിച്ചോ ?"
ഞാന്‍ ഇല്ലെന്നു തലയനക്കി.
അവള്‍ കുളിക്കാനായി ബാത്റൂമിലേയ്ക്ക്   കയറി പോകുന്നത് ഇടംകണ്ണിട്ടു ഞാന്‍ വീക്ഷിച്ചു.
അഭി ഇപ്പോഴും ടിവിയുടെ മുന്‍പില്‍ തന്നെ. സ്പൈഡര്‍മാനാണ് ഇപ്പൊ അവനു കൂട്ട്..


"എന്റെ വര്‍ക്ക്‌ ടൈം കൂട്ടി. ഇനി മുതല്‍ ആര മണിക്കൂര്‍ കൂടി കഴിഞ്ഞേ ഞാന്‍ വരൂ. പറ്റുമോന്നു ബോസ്സ് എന്നോട് ചോദിച്ചു, ഞാന്‍ ഓക്കേ പറഞ്ഞു. ആര മണിക്കൂര്‍ കൂടി സ്പെന്റ് ചെയ്യുമ്പോള്‍ ആയിരം രൂപ കിട്ടുന്നത് ചില്ലറക്കാര്യമല്ലല്ലോ. ഞാന്‍ സമ്മതിച്ചു."
ചപ്പാത്തിയെടുത്ത് പ്ലേറ്റിലേയ്ക്ക് വയ്ക്കുന്നതനിടെ അവള്‍ പറഞ്ഞു.
അവളെന്നോട് അനുവാദം ചോദിച്ചതല്ല എന്നെനിക്കറിയാം, അത് കൊണ്ട് ആര മണിക്കൂര്‍ ചിലവിട്ടു  ആയിരം രൂപ സമ്പാദിക്കുന്നത് അത്ര നിസ്സാര കാര്യമല്ലെന്ന് ഞാനും പറഞ്ഞു.  അത് മാത്രമല്ല, മീരയുടെ തീരുമാനത്തെ അവളുടെ ഭര്‍ത്താവെന്ന നിലയില്‍ ഞാന്‍ അനുകൂലിക്കുന്നു എന്നതും അറിയിച്ചു.
അങ്ങനെ ലഭിക്കാന്‍ പോകുന്ന ആയിരം രൂപയുടെയും ഞങ്ങളുടെ സ്വകാര്യതയില്‍ നിന്നും നഷ്ടമാകാന്‍ പോകുന്ന (?)  അര മണിക്കൂര്‍ സമയത്തിന്റെയും ചര്‍ച്ചയില്‍ ഞങ്ങളുടെ ഡിന്നര്‍ കഴിഞ്ഞു.
എച്ചില്‍ പാത്രവുമെടുത്ത് അടുക്കളയിലേയ്ക്ക് നടക്കുന്നതിനിടയില്‍ അഭി ഭക്ഷണം കഴിച്ചിരുന്നോ എന്നവള്‍ വിളിച്ചു ചോദിച്ചതിന് മറുപടിയായി ഇല്ലെന്നു തോന്നുന്നു എന്ന് അലസ്സമായി പറഞ്ഞു കൊണ്ട് ഞാന്‍ കമ്പ്യുട്ടെറിന്റെ മുന്നിലേക്ക് നീങ്ങി.
സിസ്റ്റം ഓണ്‍ ചെയ്യുന്നതിനിടെ മീര അഭിയോടു ആഹാരം കഴിക്കാന്‍ പറയുന്നതും അവന്‍ എതിര്‍ക്കുന്നതുമൊക്കെ  കേട്ടു. പതിവ് കാര്യമായതിനാല്‍ ഞാന്‍ ശ്രദ്ധ കൊടുത്തില്ല.
അല്പം കഴിഞ്ഞപ്പോള്‍ അവന്‍ കരഞ്ഞു തുടങ്ങി. ടിവി ഓഫ് ചെയ്തു കാണണം.
എന്റെ ചിന്ത മുറിയുന്നതിനു മുന്‍പേ തന്നെ അവന്‍ കരച്ചില്‍ കുറച്ചൂടെ ശക്തിയില്‍ എന്റെ കാതില്‍ വന്ന് വീണു. മീരയുടെ കരസ്പര്‍ശം അഭി ഏറ്റുവാങ്ങിയതിന്റെ ശബ്ദമാണത്. 
ഇനി ആഹാരം കഴിച്ചിട്ട് അവന്‍ പോയി ഉറങ്ങും.


ഫ്ലാറ്റില്‍ ലൈറ്റണഞ്ഞു. 
മുന്‍പേ പ്രോഗ്രാം ചെയ്തു വച്ച കുറെ കാര്യങ്ങള്‍ മുറ പോലെ നടക്കുന്നു.
ഇന്നും അവള്‍ എനിക്ക് വഴങ്ങി തരും. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി തരുന്നു എന്നതാണ് സത്യം. 
ഞങ്ങളുടെ ശരീരങ്ങള്‍ക്ക് ചൂട് പിടിച്ചു. അവ പരസ്പരം ഉരസി സീല്‍ക്കാരങ്ങള്‍ പുറപ്പെടുവിച്ചു. ഞങ്ങളുടെ നഗ്ന മേനികള്‍ ഇരുട്ടെന്ന ക്യാന്‍വാസില്‍ വിവിധ ചായങ്ങള്‍ പൂശി..
പൊടുന്നനെ മുറിയില്‍ പ്രകാശം പരന്നു. കണ്ണ് മഞ്ഞളിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പിന്മാറി. മീരയുടെ ശരീരത്ത്  നിന്നും  വേര്‍പെട്ട്, കട്ടിലില്‍ നിന്നുമിറങ്ങി, പൂര്‍ണ നഗ്നനായി ഞാന്‍ നിലത്തു നിന്നു.
മീരയാകട്ടെ പിറന്നപടി കട്ടിലിലും.
സ്വിച്ച് ബോര്‍ഡിലേയ്ക്ക് നോക്കിയ ഞാന്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു പോയി.
അഭി...!!
ഞങ്ങളുടെ അടുത്ത് ഉറങ്ങി കിടന്ന അഭിയാണ് ഞങ്ങളറിയാതെ എഴുന്നേറ്റു പോയി ലൈറ്റ് ഇട്ടത്.
അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ അവന്‍ ചോദിച്ചു:
"ഇതല്ലേ അച്ഛാ, അച്ഛനിന്നു കമ്പ്യൂട്ടറില്‍ കണ്ടത് ?"
 ഞാന്‍ മീരയെ നോക്കി. അവളുടെ കണ്ണുകളിലെ ഭാവം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, കഴിയുകയുമില്ല..
ഉദ്ധരിച്ചു നിന്ന എന്റെ പൌരുഷം  ചോര്‍ന്നു പോകുന്നത് ഞാന്‍ അറിഞ്ഞു.


അതേ രാത്രിയില്‍, അഭിയേയും കൊണ്ട് മറ്റൊരു മുറിയിലെ കട്ടിലില്‍,ഞങ്ങള്‍ മാത്രമായി കിടന്നപ്പോള്‍ അവനെന്നോട് ആ പഴയ ചോദ്യം ആവര്‍ത്തിച്ചു.

"അച്ഛന്‍ കടലില്‍ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ ?"
ഇത്തവണ പക്ഷെ ഞാന്‍ മൌനം അവലംബിച്ചില്ല.
എനിക്ക് ലഭിച്ച ഉത്തരം അവനോടു പറയുക തന്നെ ചെയ്തു. 
തുടര്‍ന്നുള്ള അവന്റെ ചോദ്യങ്ങളുടെ ഉത്തരം കണ്ണില്‍ വന്നു മൂടിയ ഇരുട്ടില്‍ ഞാന്‍ തേടിക്കൊണ്ടിരുന്നു.