2013, ജൂലൈ 4, വ്യാഴാഴ്‌ച

ഒരു കള്ളക്കളി.....

ഇതൊരു ബ്ലോഗ്‌ പോസ്റ്റ്‌ ഒന്നുമല്ല..
ഒരു ചോദ്യമാണ്..
ഇതിന്റെ ഉത്തരം അറിയാവുന്നവര്‍ അഭിപ്രായം രേഖപ്പെടുത്തി സ്ഥലം കാലിയാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു....
ഒപ്പം മറ്റുള്ളവരെ ഈ ചോദ്യത്തിന്റെ ഉത്തരം പറയാനായി നിങ്ങള്‍ ക്ഷണിക്കുകയും വേണം..ഒരു അന്ധനും ഭാര്യയും കൂടി വൈകുന്നേരം 5 മണിക്ക് ഒരു വിജനമായ പാര്‍ക്കില്‍ പോയി.
അവര്‍ കുറെ നേരം അവിടിരുന്നു സംസാരിച്ചു.
ഈ സമയം ഒരു ബധിരന്‍ വന്നു ക്ലോറോഫോം മണപ്പിച്ച്, അന്ധനറിയാതെ, ഭാര്യയെ തട്ടിക്കൊണ്ടു പോയി. ഭാര്യ പോയതറിയാതെ അന്ധന്‍ അവിടെ തന്നെ ഇരിക്കുകയാണ്.
അപ്പോഴതാ കഥയില്‍ ഒരു ട്വിസ്റ്റ്‌...
അന്ധന്റെ ഭാര്യെ തട്ടിക്കൊണ്ടു പോകുന്നത്, അവിടെ യാദൃശ്ചികമായി എത്തപ്പെട്ട ഒരു ഊമ കാണാനിടയായി.


ചുറ്റുവട്ടത്ത് ആരും തന്നെയില്ലാത്ത ഈ സാഹചര്യത്തില്‍, സ്വാഭാവിക മാനുഷിക പരിഗണന വച്ച്  അന്ധനോട്‌ ഇക്കാര്യം അവതരിപ്പിക്കണമെന്ന് ഊമ തീരുമാനിച്ചു.
പക്ഷെ എങ്ങനെ ?

ഇതാണ് നിങ്ങളോടുള്ള ചോദ്യം...
ഊമയും അത് വഴി അന്ധനെയും സഹായിക്കാന്‍ നിങ്ങള്‍ക്കാകുമോ കൂട്ടുകാരെ ?NB: 1) മറ്റൊരു കഥാപാത്രത്തിന്‍റെ രംഗപ്രവേശം ഈ കഥയില്‍ സാധ്യമല്ല എന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ....
2) ബ്രൈലി ലിപി നമുക്കറിയില്ല എന്നത് കൊണ്ട് ഊമയ്ക്കും അറിയില്ല എന്ന് വിശ്വസിക്കാനപേക്ഷ.
2013, ജൂൺ 5, ബുധനാഴ്‌ച

പാവം ആട്ടിടയന്‍


   ഇന്നവളുടെ കല്യാണമാണ്. അവളെന്‍റെ പ്രണയിനി, പ്രേയസി, കാമുകി എന്നൊക്കെ വിളിക്കപ്പെട്ടിരുന്നു. ഇന്ന് രാവിലെ 11.30 വരെ അതൊക്കെ അങ്ങനെ തന്നെയായിരിക്കും. അത് കഴിഞ്ഞാലും അങ്ങനൊക്കെത്തന്നെയാണ്, പക്ഷെ അതിന്‍റെ കൂടെ അവള്‍ക്കു മറ്റൊരു അലങ്കാരപദം ചാര്‍ത്തിക്കിട്ടും: വെട്ടത്തറയിലെ രഘുനാഥന്‍ നായരുടെ മകന്‍ ബാലചന്ദ്രന്‍ നായരുടെ ഭാര്യാ പദവി.

അവളൊരു പാവമായിരുന്നു. എന്നുവച്ചാല്‍ എന്നെക്കാള്‍ പാവം എന്ന അര്‍ത്ഥമേയുള്ളൂ. ഞാനും അവളും ഒരുമിച്ചു പഠിച്ചതാണ് പ്ലസ്‌ ടു വിന്. ശേഷം ഭാഗം ആശുപത്രിയില്‍ കാണാം എന്നും പറഞ്ഞു അവള്‍ മെഡിസിന്‍ പഠിക്കാന്‍ പോയി. ഞാന്‍ എന്‍റെ വഴിയേയും. പക്ഷെ അതിനിടയില്‍ മൊട്ടിട്ട പ്രണയം പൂത്തു വിടര്‍ന്നു. അതിന്‍റെ സുഗന്ധം നാട്ടില്‍ എല്ലായിടത്തും ഉണ്ടാരുന്നു, എന്‍റെയും അവളുടെയും വീടുകളിലൊഴിച്ച്....
അവള്‍ മെഡിസിന് പോയത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നു,വേറൊന്നും കൊണ്ടല്ല, അത് തീരാന്‍ കുറച്ചു സമയം എടുക്കും. അപ്പോഴേയ്ക്കും എനിക്കൊരു കരയ്ക്കെത്താമല്ലോ !! ഒരേ പ്രായമായതു കൊണ്ടുള്ള പ്രശ്നമാ ഇതൊക്കെ..!! അതത്ര കാര്യമാക്കിയില്ല, സ്വന്തം ആദര്‍ശങ്ങള്‍ എന്നും കൂട്ടിനുണ്ടല്ലോ...(?)
അങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ നല്ല ഒന്നാന്തരമൊരു നായര്‍ ഡോക്ടര്‍ ആയി. ഞാന്‍ നല്ല മിടുക്കനായ ഒരു  നസ്രാണി MA ക്കാരനും.
ഒരു MA മലയാളംകാരന് മിനിമം വേണ്ടുന്ന എല്ലാ ദൂഷ്യ വശങ്ങളും എനിക്കുമുണ്ടായിരുന്നു. നിലനില്‍ക്കുന്ന എല്ലാ വ്യവസ്ഥിതികളോടും വെറുപ്പും വിദ്വേഷവും, സകല അനീതികളോടും ദേഷ്യവും അമര്‍ഷവും..
പ്രതികരണ ശേഷി തലയ്ക്കു പിടിച്ചപ്പോ പാര്‍ട്ടി പ്രവര്‍ത്തനം.
കൂട്ടത്തില്‍ നിന്നു കുഴി വെട്ടിയപ്പോള്‍ പിന്നത്തെ സഞ്ചാരം അക്ഷരങ്ങളുടെ വഴിയെ...


പണ്ട് പ്ലസ്‌ ടു വിനു പഠിക്കുന്ന കാലത്ത് അവളെക്കൊണ്ട് ഇഷ്ടമാണെന്നു പറയിപ്പിക്കാന്‍ വേണ്ടി കുറെ നാടകം കളിച്ചതിന്‍റെയും ഹീറോയിസം കാണിച്ചതിന്‍റെയും കൂട്ടത്തില്‍ അഞ്ചു രൂപയുടെ ഒരു പ്ലാസ്റ്റിക് ആനവാതില്‍ മോതിരം പള്ളിപ്പെരുന്നാളിനു പള്ളിപ്പറമ്പില്‍  നിന്ന് കൂട്ടുകാരനോട് കടം വാങ്ങി പൈസയില്‍ മേടിച്ച് തൂക്കുപാലത്തിനു മുകളില്‍ നിന്നുകൊണ്ട് സഹപാഠികള്‍ നോക്കി നില്‍ക്കെ അവളുടെ വിരലില്‍ ബലമായി ഇട്ടു കൊടുത്തു. ചുണ്ട് കോട്ടി കണ്ണുരുട്ടി വളരെ സിമ്പിളായി അവളതു തോട്ടിലെറിഞ്ഞു. അവള്‍ക്കു ഞാനാദ്യമായി വാങ്ങിക്കൊടുത്ത സമ്മാനം, അവസാനമായിട്ടും. പിന്നീട് അവളെന്‍റെ ഏതാണ്ടൊക്കെ ആയിട്ടും അഞ്ചു പൈസ പോലും മുടക്കീട്ടില്ല ഞാന്‍..!


അവളെറിഞ്ഞു കളഞ്ഞ ആ ആനവാല്‍ മോതിരത്തെ ഓര്‍ക്കുമ്പോഴുള്ള അതേ വേദന ഇപ്പോഴും..
അവളന്നേ പറഞ്ഞതാ, പഠിച്ചൊരു ജോലി വാങ്ങിച്ചെടുക്കാന്‍.
പഠിച്ചു. പിന്നെ ഈ വൈറ്റ് കോളര്‍ ജോബിനോട് തീരെ താല്പര്യമില്ലാത്തത് കൊണ്ട് ഇങ്ങനെ പോകുന്നു. ജീവിച്ചു പോകാനുള്ള വരുമാനം പലചരക്ക് കടയില്‍ നിന്ന് കിട്ടുന്നുണ്ട്‌. മാതൃഭുമിയുടെ സ്വ.ലേ.യ്ക്ക് കിട്ടുന്ന ശമ്പളം അധികമാണ് താനും.
പിന്നെന്തിനാ വേറൊരു ജോലി ?
കിടക്കാന്‍ വീട്, ഉടുക്കാന്‍ വസ്ത്രം, കഴിക്കാന്‍ ഭക്ഷണം.. ഇത്രയും പോരെ ?

പക്ഷെ തറവാട്ടില്‍ പിറന്ന കാരണവര്‍ക്ക്‌ മകളെയൊരു പലചരക്ക് കടക്കാരന് കൊടുക്കാന്‍ കുറച്ചിലാണത്രെ..!!
ഗവണ്മെന്റ് ഉദ്യോഗമില്ല, സ്ഥിര വരുമാനമില്ല.... പിന്നെ നിറം കറുപ്പും ഉയരം കുറവും എന്നും പറഞ്ഞു. ഇതിനേക്കാള്‍ ഭീകരമായി അയാള്‍ കണ്ടുപിടിച്ച പ്രശ്നം മറ്റൊന്നായിരുന്നു. ഞാന്‍ തീറ്റിയത് ആടിനെയാണ്, അയാള്‍ക്കാവശ്യം പശുവിനെ തീറ്റിയ പയ്യനെയാണ്. രണ്ടായാലും തീറ്റിയത് നാല്‍ക്കാലിയെ തന്നെയല്ലേ എന്നെന്നിലെ മലയാളംകാരന്‍ എഴുന്നേറ്റു നിന്ന് ചോദിച്ചു. പക്ഷെ കാരണവര്‍ കേട്ട ഭാവം പോലും നടിച്ചില്ല.
അങ്ങനെ ആടിനെ തീറ്റിയ പേരില്‍ അവിടെ നിന്നും ഞാന്‍ ആട്ടി പുറത്താക്കപ്പെട്ടു.
ഗേറ്റ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ മുകളിലത്തെ മുറിയിലെ ജനാലയില്‍ നിന്നും എന്‍റെയരികിലെയ്ക്ക് പറന്നു വന്ന ഫ്ലയിംഗ് കിസ്സ്‌ ഞാന്‍ പോക്കെറ്റിലാക്കി..
അവിടെ നിന്നിറങ്ങിയ ഞാന്‍ പിന്നെ നേരെ പോയത് പശുവിനെ തീറ്റിയ ബാലചന്ദ്രന്‍റെ അടുത്തേയ്ക്കായിരുന്നു. അവന്‍ ആള് കൊള്ളാം. നല്ല രസമുണ്ട് കാണാന്‍. ഒരു ആറടി പൊക്കത്തില്‍ 90-95 സൈസില്‍ ഒരു സാധനം. അവനെ കണ്ടപ്പോ എനിക്ക് പക്ഷെ 3D ആയിട്ടാണ് തോന്നിയത്. ദൂരേന്നു വന്നാലും അവന്‍റെ വയര്‍ നമ്മുടെ കണ്മുന്നിലുണ്ടാകും.

"വാ, ഞാന്‍ കാത്തിരിക്കുകയായിരുന്നു..."
എന്നെക്കണ്ട് ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു.

"എന്തിന് ?" ഞാന്‍ ചോദിച്ചു.

"വരവിന്‍റെ ഉദ്ദേശ്യം നടക്കില്ലെന്നു പറയാന്‍. അവളെ എനിക്ക് ഇഷ്ടപ്പെട്ടു. അവളുടെ അച്ഛന് എന്നെയും. ഈ മാസം 26 നു നടത്താനാണ് തീരുമാനം. വേറെ പരിപാടിയൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെങ്കില്‍ വരണം."
പശുവിനെ മേയാന്‍ വിട്ടിട്ടു ആവന്‍ ഈണത്തില്‍ ഓടക്കുഴലൂതി.


പാലത്തില്‍ കൂടി നടന്നപ്പോള്‍ ആനവാല്‍ മോതിരമെറിഞ്ഞ തോട്ടില്‍ അവള്‍ തന്ന ഫ്ലയിംഗ് കിസ്സ്‌ ഞാനുപേക്ഷിച്ചു. ഞാന്‍ ചുംബിച്ചു നല്‍കിയ ആനവാല്‍ മോതിരത്തിനടുത്ത് അവളുടെ നനവുള്ള ഫ്ലയിംഗ് കിസ്സ്‌ വീണു കിടന്നു.


ഓര്‍മകള്‍ക്ക് സൌന്ദര്യമുണ്ടാകുന്നത് പെണ്ണിന്‍റെ സുഗന്ധമുള്ളപ്പോഴാണ് എന്ന് അയാള്‍ (ഞാന്‍) പറഞ്ഞതെത്ര ശരി..!!
ഇപ്പൊ സമയം 11.25. അഞ്ചു മിനിറ്റ് ബാക്കിയുണ്ട്. ഞാന്‍ ആടിനെ തീറ്റിയത്തില്‍ അവള്‍ക്കു പരിഭവമില്ല, ആട്ടിടയനായിപ്പോയതില്‍ വിഷമവുമില്ല. വിളിച്ചാല്‍ ഒരുപക്ഷെ അവളിറങ്ങി വന്നേക്കും.....


                   വിളിച്ചാലോ ?

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

ജീവിതത്തിന്റെ ഉത്തരം

അച്ഛന്‍ കടലില്‍ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ ?
എന്റെ ഏഴു വയസ്സുകാരന്‍ മകന്‍ അഭിജിത്ത് എന്നോട് ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല...
രാത്രി സൂര്യന്‍ കടലിനടിയില്‍ പോകുമ്പോ മീനുകള്‍ക്കൊക്കേയും  ചൂടെടുക്കില്ലേ അച്ഛാ... ?
അവന്‍ പിന്നെയും ചോദിച്ചു...
ഇത്തവണയും ഞാന്‍ മിണ്ടിയില്ല...
എന്റെ ഭാഗ്യം !!
അവന്‍ പിന്നീടൊന്നും ചോദിച്ചില്ല.
 കുറച്ചു നേരം കൂടി അവന്‍ എന്നെ നോക്കി ഉത്തരത്തിനായി കാത്തു നിന്നു. ഒരു മറുപടി കിട്ടാത്തത് കൊണ്ടോ എന്റെ മുഖത്തെ നിസ്സംഗത  കണ്ടിട്ടോ അവന്‍ കൂടുതലൊന്നും  ചോദിക്കാതെ പിന്തിരിഞ്ഞു പോയി..

അല്ലെങ്കിലും മകന് എങ്ങനെ തന്റെ പ്രശ്നങ്ങളറിയാം ?
അവന്റെ പ്രധാന പ്രശ്നങ്ങള്‍ മണ്ണും സൂര്യനും മഴയും മഴവില്ലും മയില്‍പ്പീലിയും ഒക്കെയല്ലേ.....
കുരുന്നു മനസ്സുകളില്‍ നിഷ്കളങ്കത കയറി കൂടുന്നത് ഇത്തരം കൌതുകങ്ങള്‍ക്ക് വേണ്ടിയാകണം.. ഇത് പോലൊരു ബാല്യത്തിലായിരുന്നു ഞാനിന്നെങ്കില്‍ ? എന്റെ പ്രശ്നങ്ങളും മഴയും മഴവില്ലും ഒക്കെയായിരുന്നു എങ്കില്‍ ?

ഉവ്വോ ?
കടലില്‍ മഴ പെയ്യാറുണ്ടോ ?
കാണുമല്ലോ... കരയില്‍ പെയ്യുമെങ്കില്‍ പിന്നെന്താ കടലില്‍ പെയ്താല്‍ ?
ഞാന്‍ കണ്ടിട്ടുണ്ടോ ?
അതില്ല... താന്‍ കണ്ടിട്ടില്ല..  ഒരു പക്ഷെ, ആരും കാണാതെയാകും കടലില്‍ പെയ്യുന്നത്...
എനിക്ക് ലഭിച്ച ഉത്തരം മകനോട്‌ പറയണ്ടേ....?
അവനെന്നെ ശ്രദ്ധിക്കുന്നുണ്ട്.. ഒരു കമ്പിക്കഷണം കൊണ്ട് കയ്യിലിരിക്കുന്ന കളിപ്പാട്ടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയാണ് അവനിപ്പോള്‍.
 വേണ്ട. അവനോടത് പറയണ്ട. ചിലപ്പോള്‍ അവന്‍ മറ്റേതെങ്കിലും ചോദ്യങ്ങള്‍ കൂടി ആവര്‍ത്തിച്ചെന്നിരിക്കും. അത് കൊണ്ട് ചോദ്യം കേട്ടില്ലെന്ന ഭാവത്തിലിരിക്കുന്നതാകും ബുദ്ധി. പക്ഷെ കൃത്യമായ ഇടവേളകളിട്ടു അവനെന്നെ നോക്കുന്നുണ്ടായിരുന്നു. ഓരോ പത്ത് സെക്കന്റ്‌ കഴിയുമ്പോഴും അവന്‍ ഉത്തരത്തിനായി എന്നെ നോക്കും.
ഞാന്‍ കമ്പ്യൂട്ടെറിലേയ്ക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. കണ്‍മുന്നിലെ ഇംഗ്ലീഷ് സിനിമ ഇഷ്ടമുണ്ടായിട്ട് കാണുന്നതല്ല,
ഏഴു വയസ്സുകാരനായ തന്റെ മകനില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി മാത്രം കാണുന്നതാണ്..!!

 സമയം എട്ടാകുന്നു. മീര ഇത് വരെ വന്നില്ല. സാധാരണ ഏഴു കഴിയുമ്പോള്‍ വരുന്നതാണ്.
 ബസ്‌ കിട്ടിക്കാണില്ല. അല്ലെങ്കില്‍ വഴിയില്‍ ട്രാഫിക് കൂടുതലായിരിക്കും.
വിശക്കുന്നു. ചപ്പാത്തിയും മുട്ട റോസ്റ്റും ടേബിളില്‍ നിരത്തിയിട്ടാണ് സെര്‍വന്റ്  പോയത്.
അഭി ഇപ്പൊ ടിവിയുടെ മുന്‍പില്‍ ചെന്നിരിപ്പാണ്. മിസ്റ്റര്‍ ബീനോടൊപ്പം ചേര്‍ന്ന് അവന്‍ എതിരാളികളെ വെല്ലുവിളിക്കുകയും  കളിയാക്കുകയുമൊക്കെ ചെയ്യുന്നു.
ഞാന്‍ ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്തു. ഓണ്‍ലൈനില്‍ അധികം പേരില്ല..
ഒന്ന് രണ്ടു ഫോട്ടോ അപ്ലോഡ്‌ ചെയ്തു. ഞാനും മീരയുമായി നില്‍ക്കുന്നത്. കല്യാണം കഴിഞ്ഞ സമയത്തുള്ളവ. തറവാട്ടിന് മുന്നില്‍ മുത്തശിയോടൊപ്പം നില്‍ക്കുന്നതായിരുന്നു അതിലൊന്ന്. കുറച്ചു നേരം കൂടി അവിടെ ചുറ്റിയടിച്ചിട്ടു സൈന്‍ ഓഫ്‌ ചെയ്തു.
എന്ത് ചെയ്യണമെന്നറിയാതെ അര മിനിട്ട് അങ്ങനെ തന്നെ ഇരുന്നു..
പിന്നെ ഗൂഗിള്‍ ഓപ്പണ്‍ ചെയ്തു. യാന്ത്രികമായി എന്റെ വിരലുകള്‍ പോണ്‍  മൂവി എന്ന് ടൈപ്പ് ചെയ്യാന്‍ തുടങ്ങി. സ്ക്രീനില്‍ നിരന്ന സെര്‍ച്ച്‌ റിസല്‍റ്റിലേയ്ക്ക്  ഞാന്‍ കണ്ണ് നട്ടു.
പതിയെ ഏതോ സൈറ്റില്‍ നിന്നും മാദക ദദൃശ്യങ്ങള്‍ തെളിഞ്ഞു വന്നു. കസേരയിലേയ്ക്കു ഒന്ന് കൂടി ഇരുപ്പുറപ്പിച്ച ഞാന്‍ അഭി കാണാതെ മോണിട്ടര്‍ എന്റെ ഭാഗത്തേയ്ക്ക് തിരിച്ചു വച്ചു.

നേരം കടന്നു പോയ്ക്കോണ്ടിരുന്നു.
മുന്‍വശത്ത് ഡോര്‍ തുറക്കുന്ന ശബ്ദം. മീര.
ഞാന്‍ ക്ലോക്കിലെയ്ക്ക് നോക്കി. സമയം 8:20.
 "ഹരി കഴിച്ചോ ?"
ഞാന്‍ ഇല്ലെന്നു തലയനക്കി.
അവള്‍ കുളിക്കാനായി ബാത്റൂമിലേയ്ക്ക്   കയറി പോകുന്നത് ഇടംകണ്ണിട്ടു ഞാന്‍ വീക്ഷിച്ചു.
അഭി ഇപ്പോഴും ടിവിയുടെ മുന്‍പില്‍ തന്നെ. സ്പൈഡര്‍മാനാണ് ഇപ്പൊ അവനു കൂട്ട്..


"എന്റെ വര്‍ക്ക്‌ ടൈം കൂട്ടി. ഇനി മുതല്‍ ആര മണിക്കൂര്‍ കൂടി കഴിഞ്ഞേ ഞാന്‍ വരൂ. പറ്റുമോന്നു ബോസ്സ് എന്നോട് ചോദിച്ചു, ഞാന്‍ ഓക്കേ പറഞ്ഞു. ആര മണിക്കൂര്‍ കൂടി സ്പെന്റ് ചെയ്യുമ്പോള്‍ ആയിരം രൂപ കിട്ടുന്നത് ചില്ലറക്കാര്യമല്ലല്ലോ. ഞാന്‍ സമ്മതിച്ചു."
ചപ്പാത്തിയെടുത്ത് പ്ലേറ്റിലേയ്ക്ക് വയ്ക്കുന്നതനിടെ അവള്‍ പറഞ്ഞു.
അവളെന്നോട് അനുവാദം ചോദിച്ചതല്ല എന്നെനിക്കറിയാം, അത് കൊണ്ട് ആര മണിക്കൂര്‍ ചിലവിട്ടു  ആയിരം രൂപ സമ്പാദിക്കുന്നത് അത്ര നിസ്സാര കാര്യമല്ലെന്ന് ഞാനും പറഞ്ഞു.  അത് മാത്രമല്ല, മീരയുടെ തീരുമാനത്തെ അവളുടെ ഭര്‍ത്താവെന്ന നിലയില്‍ ഞാന്‍ അനുകൂലിക്കുന്നു എന്നതും അറിയിച്ചു.
അങ്ങനെ ലഭിക്കാന്‍ പോകുന്ന ആയിരം രൂപയുടെയും ഞങ്ങളുടെ സ്വകാര്യതയില്‍ നിന്നും നഷ്ടമാകാന്‍ പോകുന്ന (?)  അര മണിക്കൂര്‍ സമയത്തിന്റെയും ചര്‍ച്ചയില്‍ ഞങ്ങളുടെ ഡിന്നര്‍ കഴിഞ്ഞു.
എച്ചില്‍ പാത്രവുമെടുത്ത് അടുക്കളയിലേയ്ക്ക് നടക്കുന്നതിനിടയില്‍ അഭി ഭക്ഷണം കഴിച്ചിരുന്നോ എന്നവള്‍ വിളിച്ചു ചോദിച്ചതിന് മറുപടിയായി ഇല്ലെന്നു തോന്നുന്നു എന്ന് അലസ്സമായി പറഞ്ഞു കൊണ്ട് ഞാന്‍ കമ്പ്യുട്ടെറിന്റെ മുന്നിലേക്ക് നീങ്ങി.
സിസ്റ്റം ഓണ്‍ ചെയ്യുന്നതിനിടെ മീര അഭിയോടു ആഹാരം കഴിക്കാന്‍ പറയുന്നതും അവന്‍ എതിര്‍ക്കുന്നതുമൊക്കെ  കേട്ടു. പതിവ് കാര്യമായതിനാല്‍ ഞാന്‍ ശ്രദ്ധ കൊടുത്തില്ല.
അല്പം കഴിഞ്ഞപ്പോള്‍ അവന്‍ കരഞ്ഞു തുടങ്ങി. ടിവി ഓഫ് ചെയ്തു കാണണം.
എന്റെ ചിന്ത മുറിയുന്നതിനു മുന്‍പേ തന്നെ അവന്‍ കരച്ചില്‍ കുറച്ചൂടെ ശക്തിയില്‍ എന്റെ കാതില്‍ വന്ന് വീണു. മീരയുടെ കരസ്പര്‍ശം അഭി ഏറ്റുവാങ്ങിയതിന്റെ ശബ്ദമാണത്. 
ഇനി ആഹാരം കഴിച്ചിട്ട് അവന്‍ പോയി ഉറങ്ങും.


ഫ്ലാറ്റില്‍ ലൈറ്റണഞ്ഞു. 
മുന്‍പേ പ്രോഗ്രാം ചെയ്തു വച്ച കുറെ കാര്യങ്ങള്‍ മുറ പോലെ നടക്കുന്നു.
ഇന്നും അവള്‍ എനിക്ക് വഴങ്ങി തരും. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി തരുന്നു എന്നതാണ് സത്യം. 
ഞങ്ങളുടെ ശരീരങ്ങള്‍ക്ക് ചൂട് പിടിച്ചു. അവ പരസ്പരം ഉരസി സീല്‍ക്കാരങ്ങള്‍ പുറപ്പെടുവിച്ചു. ഞങ്ങളുടെ നഗ്ന മേനികള്‍ ഇരുട്ടെന്ന ക്യാന്‍വാസില്‍ വിവിധ ചായങ്ങള്‍ പൂശി..
പൊടുന്നനെ മുറിയില്‍ പ്രകാശം പരന്നു. കണ്ണ് മഞ്ഞളിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പിന്മാറി. മീരയുടെ ശരീരത്ത്  നിന്നും  വേര്‍പെട്ട്, കട്ടിലില്‍ നിന്നുമിറങ്ങി, പൂര്‍ണ നഗ്നനായി ഞാന്‍ നിലത്തു നിന്നു.
മീരയാകട്ടെ പിറന്നപടി കട്ടിലിലും.
സ്വിച്ച് ബോര്‍ഡിലേയ്ക്ക് നോക്കിയ ഞാന്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു പോയി.
അഭി...!!
ഞങ്ങളുടെ അടുത്ത് ഉറങ്ങി കിടന്ന അഭിയാണ് ഞങ്ങളറിയാതെ എഴുന്നേറ്റു പോയി ലൈറ്റ് ഇട്ടത്.
അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ അവന്‍ ചോദിച്ചു:
"ഇതല്ലേ അച്ഛാ, അച്ഛനിന്നു കമ്പ്യൂട്ടറില്‍ കണ്ടത് ?"
 ഞാന്‍ മീരയെ നോക്കി. അവളുടെ കണ്ണുകളിലെ ഭാവം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, കഴിയുകയുമില്ല..
ഉദ്ധരിച്ചു നിന്ന എന്റെ പൌരുഷം  ചോര്‍ന്നു പോകുന്നത് ഞാന്‍ അറിഞ്ഞു.


അതേ രാത്രിയില്‍, അഭിയേയും കൊണ്ട് മറ്റൊരു മുറിയിലെ കട്ടിലില്‍,ഞങ്ങള്‍ മാത്രമായി കിടന്നപ്പോള്‍ അവനെന്നോട് ആ പഴയ ചോദ്യം ആവര്‍ത്തിച്ചു.

"അച്ഛന്‍ കടലില്‍ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ ?"
ഇത്തവണ പക്ഷെ ഞാന്‍ മൌനം അവലംബിച്ചില്ല.
എനിക്ക് ലഭിച്ച ഉത്തരം അവനോടു പറയുക തന്നെ ചെയ്തു. 
തുടര്‍ന്നുള്ള അവന്റെ ചോദ്യങ്ങളുടെ ഉത്തരം കണ്ണില്‍ വന്നു മൂടിയ ഇരുട്ടില്‍ ഞാന്‍ തേടിക്കൊണ്ടിരുന്നു.
2013, ജനുവരി 8, ചൊവ്വാഴ്ച

ഞാന്‍ കണ്ട ആധുനികത !!!!

കൊല്ലം ജലദര്‍ശിനി ഹാളില്‍ നിന്നും ഉപന്യാസ രചനയ്ക്ക് കിട്ടിയ ഒന്നാം സമ്മാനവുമായി പുറത്തേയ്ക്ക് നടന്ന എന്‍റെ മനസ്സില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, സമൂഹത്തോട് പറയാനുള്ളതിന്റെയും ചോദിക്കാനുള്ളതിന്‍റെയും മാധ്യമമായി അക്ഷരങ്ങള്‍ തിരഞ്ഞെടുക്കുക. എന്നില്‍ നിലവാരമുള്ള ഒരു എഴുത്തുകാരന്‍ കുടിയിരിക്കുന്നു എന്നത് ഇന്നത്തെ എന്‍റെ വിജയം ഊട്ടിയുറപ്പിക്കുന്നു. സന്തോഷത്തേക്കാള്‍ എന്നെ ഭരിക്കുന്നത്‌ ഇനിയും എഴുതണമെന്നുള്ള എന്‍റെ urge ആയിരുന്നു.. ഒരുപാട് ഒരുപാട് എഴുതിക്കൂട്ടുന്നതിനേക്കാള്‍ നല്ലത് മികച്ചതെന്നു തോന്നുന്ന ചിലത് മാത്രം എഴുതിയാല്‍ മതി ഈ ചിന്ത എപ്പോഴോ കൈവന്നു..

പേരറിയാത്ത കായലിന്റെ ഓരം ചേര്‍ന്ന് നടക്കവേ, അറിയപ്പെടുന്ന ഒരുപാട് എഴുത്തുകാര്‍ പയറ്റിത്തെളിയുന്ന ഈ മേഖലയില്‍ ഞാനെന്ന എഴുത്തുകാരനും എന്‍റെ എഴുത്തിനും ഇന്നെന്തു പ്രസക്തി എന്ന് ചിന്തിച്ചു. എനിക്ക് പറയാനുള്ളവ മുന്‍പ് ആരെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകും, അല്ലെങ്കില്‍ നാളെ കുറച്ചു കൂടെ നല്ല ഭാഷയില്‍ മറ്റാരെങ്കിലും പറയും. പിന്നെ ഞാനെന്തിന്..??? ഉത്തരം തേടി ഞാന്‍ കായലിലേയ്ക്ക് കണ്ണ് നട്ടു..ഒരു ദിവസത്തിന്റെ ദൂരം നടന്നു പോയതിന്റെ വേഗത ഞാനറിഞ്ഞില്ല. ഇന്നലെ മനസ്സില്‍ വന്ന ചോദ്യങ്ങളും ആകുലതകളും ഇപ്പോഴെന്റെ മനസ്സിലില്ല.. ആകെയുള്ളത് ഒന്ന് മാത്രം, എഴുതണം. ഒരു profession  എന്ന നിലയിലല്ല, ആത്മസംതൃപ്തിക്ക് വേണ്ടി...

പതിവ് പോലെ കോളേജ് യുണിയന്‍ ഉദ്ഘാടന‍‌‌‌ത്തോട് അനുബന്ധിച്ച് നടക്കാന്‍ പോകുന്ന കലാപരിപാടികളില്‍ ഞാനും എങ്ങനയോ അംഗമായി.. റിഹേഴ്സലിനായും program chart ചെയ്യാനുമൊക്കെയായി ഞങ്ങള്‍ വിദ്യാര്‍ഥികള്‍ seminar hall-ല്‍  ഒത്തുകൂടി. പാട്ടും ഡാന്‍സും ഒക്കെയായി പെണ്‍കൂട്ടങ്ങള്‍ മൂലകള്‍ തപ്പിപ്പിടിച്ചു. ചെയര്‍മനോടൊപ്പം ഞാനും സജീവരാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളിയായി... ഇതിനിടയില്‍ അവള്‍ എന്റെയരികില്‍ വന്നിരുന്നു.... കുറച്ചു മുന്‍പ് കെമിസ്ട്രി ലാബിലേയ്ക്ക് നീളുന്ന നീണ്ട വരാന്തയില്‍ വച്ച് അവളുടെ കാലില്‍ ചവിട്ടിയതിനു പകരമെന്നോണം അവളെന്റെ കാലില്‍ അമര്‍ത്തിച്ചവിട്ടി. നിര്‍ദ്ദോഷകരമായ അപ്പോഴത്തെ എന്‍റെ നോട്ടത്തില്‍ അവള്‍ സന്തുഷ്ടയായെന്നു തോന്നി; അവള്‍ ഉറക്കെയുറക്കെ ചിരിച്ചു.. എന്റെയുള്ളിലെ പൂര്‍ണ  introvert ഒരു ചെറു പുഞ്ചിരിയില്‍ മറുപടിയൊതുക്കി.

മുന്‍പില്‍ അരങ്ങേറുന്ന താളപ്പിഴകളില്‍, ശബ്ദസൌകുമാര്യങ്ങളുടെ variation-ല്‍ ശ്രദ്ധ കൊടുത്ത് ഞങ്ങളിരുന്നു.. അപ്പോഴാണ്‌ ഞാന്‍ ആലോചിക്കുന്നത് എന്ടടുത്തിരുന്ന  ആ പെണ്‍കുട്ടിയോട് ഞാന്‍ ആദ്യമായി സംസാരിക്കുന്നതു കഴിഞ്ഞു പോയ ആഴ്ചയിലെപ്പഴോ ഒരു വൈകുന്നെരം മറ്റു കൂട്ടുകാരുമൊത്തു ഒരു കോഫി സിപ് ചെയ്യാന്‍ പോയപ്പോഴാണ്. എന്‍റെ സുഹൃത്തുക്കളുടെ സുഹൃത്തായി അവളും കൂടെയുണ്ടായിരുന്നു.... എന്‍റെ കലാലയ ജീവിതത്തിനു ഇതിപ്പോ മൂന്നു വയസ്സാകുന്നു. ഇപ്പോഴാണ് ഞാന്‍ ആ കുട്ടിയോട് സംസാരിയ്ക്കുന്നത്..
അതിനുശേഷം ഒരുപാട് അടുപ്പമുള്ളവരെ പോലെ അവര്‍ [ഞങ്ങള്‍] തമ്മില്‍ പെരുമാറുന്നു. ഞാന്‍ നിശബ്ദം നൃത്തത്തിലെയ്ക്ക് പിന്‍വാങ്ങി.

പെട്ടെന്നവള്‍ എന്നോട് ചോദിച്ചു: " നമ്മള്‍ ആദ്യമായി സംസാരിക്കുനത് അന്നാ കോഫി കുടിക്കാന്‍ പോയപ്പോഴല്ലേ ? "

ഞാന്‍ വെറുതെ തല കുലുക്കി.

" അതിനു മുന്‍പ് നമ്മള്‍ സംസാരിച്ചിട്ടില്ല അല്ലെ ? " 

ഇല്ലെന്നു ഞാന്‍ മറുപടി പറഞ്ഞു. ഒപ്പം മനസ്സുകള്‍ തമ്മിലുള്ള telepathic conversations-നെ പറ്റി വെറുതെ കാട് കയറി ചിന്തിച്ചു. വെറുതെ ചിന്തിച്ചു, അത്ര തന്നെ..

ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. അധികവും പറഞ്ഞത് അവളാണ്. I think i'm a good listener. എല്ലാം കേട്ടിരുന്നു.

കയ്യിലിരുന്ന ബുക്കിന്റെ ഇതളുകളില്‍ അങ്ങിങ്ങ് ഗായത്രി എന്നവള്‍ ഇടയ്ക്കിടെ വരയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അത് മനസ്സിലാക്കിക്കൊണ്ട് അവള്‍ ചോദിച്ചു, " എനിക്കിങ്ങനെയും ഒരു പേരുണ്ടെടാ... നിനക്കറിയില്ലേ ?"  

ഞാനല്പനേരം ആലോചിച്ചു, അവള്‍ക്കു ഗായത്രി എന്നൊരു പേരുണ്ടെന്ന് !!! അവളുടെ യഥാര്‍ത്ഥ പേര് [ അത് ഇതുവരെ പറയാത്തതില്‍ ക്ഷമ ചോദിക്കുന്നു.ഇതാണ് അതിനു പറ്റിയ അവസരം എന്ന് ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു എന്ന് വേണം കരുതാന്‍ !! ] ഖദീജ എന്നല്ലേ ? അപ്പൊ ഗായത്രി ?

"Inter-caste marriage ആണോടി ?"
ഞാന്‍ ചോദിച്ചു.


"ആണെന്നാ ഞാന്‍ എല്ലാരോടും പറഞ്ഞിരിക്കുന്നെ... അച്ഛന് മുസ്ലിം മതത്തോടു ഭയങ്കര താല്പര്യമായിരുന്നു.. എനിക്ക് മൂന്നു വയസ്സായപ്പോ അച്ഛന്‍ മതം മാറി. ഞങ്ങളും. അങ്ങനെ ഗായത്രി എന്നാ ഞാന്‍ ഖദീജയായി.... പിന്നീട് അച്ഛന്‍ ഞങ്ങളെ കോഴിക്കോട്ടേയ്ക്ക് കൊണ്ട് പോകാന്‍ നോക്കി.. അമ്മ സമ്മതിച്ചില്ല. വഴക്കായി. പിന്നെ ഒരിക്കല്‍ അച്ഛന്‍ പിണങ്ങിപ്പോയി.. ഇപ്പൊ വേറെ കല്യാണം കഴിച്ചു. കുട്ടികള്‍ ഉണ്ടോന്നു അറിയില്ല. ഉണ്ടെന്നു തോന്നുന്നു."

"വീട്ടുകാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു "

"പശുവുണ്ട്.. ചില്ലറ റ്റ്യുഷനും... അങ്ങനൊക്കെ പോകും. "


ഞാന്‍ പിന്നിലേയ്ക്ക് ചാഞ്ഞിരുന്നു. അവളുടെ കണ്ണുകളിലേയ്ക്ക് നോക്കാന്‍ ഞാന്‍ മറന്നു പോയിരുന്നു. അത് നന്നായി.. അവള്‍ ഡസ്പ് ആകില്ല എന്നുറപ്പുണ്ട്‌.. Her way of speech shows that. 


അവളെ പടിയുള്ള എന്റെ ചിന്ത അവിടെ അവസാനിച്ചു.. എന്നെ അലട്ടിയത്, ഖദീജ എന്ന ഗായത്രിയുടെ അച്ഛനെയും അമ്മയെയും പറ്റി ആയിരുന്നു. വിവാഹബന്ധത്തിനു ശേഷം പോലും മതത്തിന്റെ പേരില്‍ അവര്‍ seperated ആയി. പരസ്പരം ഒന്നിച്ചു ജീവിയ്ക്കുന്നതിനും മനസ്സിലാക്കുന്നതിനും മതത്തിന്റെ പിന്‍ബലം ആവശ്യമുണ്ടോ ? അത്തരമൊരു ആവശ്യകത പ്രപഞ്ചം നിഷ്കര്‍ഷിക്കുന്നുണ്ടോ ?ഇല്ലെന്നു വിശ്വസ്സിക്കാനാണ് എനിക്കിഷ്ടം.. 
 
 
ഖദീജയിലൂടെ ഞാന്‍ കണ്ടെത്തുന്നത് നമ്മുടെ so-called ആധുനികതയാണ്. Material development അല്ലാതെ നമ്മുടെ ആധുനികതയില്‍ ഒരു വ്യക്തി രൂപപ്പെടുന്നുണ്ടോ ? വിദേശരാജ്യങ്ങളില്‍ സ്വയം ഒരു തീരുമാനം എടുക്കാനെങ്കിലും അവര്‍ സന്നദ്ധത കാണിക്കുന്നു. നമ്മുടെ നാട്ടിലെ well educated ആയ ആധുനികാരോ ? ആധുനികത കൊണ്ട് വരേണ്ടത് നിരത്തുകളിലേയ്ക്കും ജീവിതസൌകര്യങ്ങിലെയ്ക്കും മാത്രമാണോ ?
 
ഈ ആധുനികതയെ പറ്റി നാം ചര്‍ച്ച ചെയ്യേണ്ടതില്ലേ ? ഇപ്പൊ ഞാനെന്ന എഴുത്തുകാരന്റെയും എന്നിലെ എഴുത്തിന്റെയും പ്രസക്തി തിരിച്ചറിയുന്നു..