2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ഒരു പേഴ്സണല്‍ സന്തോഷം

ഒരു വ്യാഴാഴ്ചദിവസം ഉച്ചയ്ക്കാണ് സംഭവം. വേദി അഞ്ചല്‍ st.johns college ന്റെ ലൈബ്രറി. കഥയിലെ നായകന്‍ ഞാനാണ്. അല്ല ഞാന്‍ വില്ലനാണ് [അത് ശരിയാണെന്ന് നിങ്ങളില്‍ ചിലര്‍ക്ക് തോന്നിയേക്കാം]. എന്നിരുന്നാലും ഞാന്‍ എനിക്ക് നായകന്‍ തന്നെയാണ് [അതും ചിലര്‍ക്ക് ശരിയായി തോന്നാം].

അപ്പൊ ഞാന്‍ പറഞ്ഞു വന്നതിലേക്ക് തിരിച്ചു വരാം. BSc ബോയ്സിനു മാത്രം പുസ്തകമെടുക്കുവാനുള്ള ദിവസമാണ് വ്യാഴം. അങ്ങനെയൊരു വ്യാഴാഴ്ച ഞാനും ലൈബ്രറിയില്‍ പോയി.

ബഷീറിനേയും
ഉറൂബിനേയും തള്ളിപ്പറഞ്ഞ്‌, വിജയനേയും തകഴിയേയും കാറ്റില്‍ പറത്തി, പൌലോ കൊയ്ലോയെയും സിഗ്മണ്ട് ഫ്രോയിടിനെയും തിരഞ്ഞ് ഇടനാഴി മുഴുവന്‍ അലഞ്ഞു. ജീവിതങ്ങള്‍ തുന്നിക്കൂട്ടിയ കടലാസ്സു കഷ്ണങ്ങള്‍ക്കിടയില്‍ നിന്ന് ഞാന്‍ കണ്ടെടുത്തത് ചന്ദ്രധര്‍ ശര്‍മയുടെ " Philosophy of indian methodologies" എന്ന പുസ്തകം. ഒപ്പം പി.കെ. ബാലകൃഷ്ണന്റെ "ഇനി ഞാന്‍ ഉറങ്ങട്ടെ" യും. രണ്ടിന്റെയും titles എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. പലപ്പോഴും ശീര്‍ഷകങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിക്കും.

പുസ്തകവുമായി
രെജിസ്റ്ററില്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ ലൈബ്രറിയുടെ ചുമതലയുള്ള , മാഡം എന്ന് എല്ലാവരും വിളിക്കുന്നവര്‍ [ഞാന്‍ ടീച്ചര്‍ എന്നും, ചിലപ്പോള്‍ ചേച്ചി എന്നും വിളിക്കുന്നു ; പേര് നിമിഷം വരെയും എനിക്കറിയില്ല] എന്നോട് ചോദിച്ചു :
" ഇയാള്‍ ഇതെല്ലാം വായിച്ചു തീര്‍ക്കുവോ ? അതോ ഇതൊക്കെ വെറും ഷോ ആണോ ? "
"അല്ല" എന്ന ഭവ്യതയോടുള്ള എന്‍റെ ഉത്തരത്തില്‍ തൃപ്തി വരാതെ കുറുകിയ കണ്ണുകളോടെ അവര്‍ രജിസ്റ്റര്‍ മറിച്ചു. No.212 VINEETH M എന്ന പേരിനു താഴെ ഒന്നിലധികം പേജുകളിലേക്ക് നീണ്ടു പോകുന്ന 80-ഓളം വരുന്ന പുസ്തകങ്ങളുടെ പേര് അവരെ ചെറുതായിട്ട് ഒന്ന് ഞെട്ടിച്ചുവെന്ന് തോന്നി. അതിനു കാരണവും വളരെ പെട്ടെന്ന് എനിക്ക് മനസ്സിലായി; എന്‍റെ ഐച്ചിക വിഷയമായ ഫിസിക്സുമായി
ബന്ധമുള്ള ഒരു പുസ്തകവും കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല

"തന്റെ വായനയുടെ നിലവാരം കൊള്ളാം. പക്ഷെ തനിക്കു എല്ലാറ്റിനോടും ഒരു നെഗറ്റീവ് atitude ആണല്ലോ ഉള്ളത്. ഇയാളെടുത്ത പുസ്തകങ്ങള്‍ കണ്ടപ്പോ തോന്നിയതാണ്. തെറ്റിലെയ്ക്കാണ് തന്റെ വഴി. "


പുഞ്ചിരിയോടെയാണ്
അവര്‍ ഇത്രയും പറഞ്ഞതെങ്കിലും അതിലൊരു വാത്സല്യം ഉണ്ടായിരുന്നില്ലേ എന്ന് സംശയിച്ചതിനിടയില്‍ തന്നെ എന്‍റെ മറുപടി വന്നു.
"തെറ്റും ശരിയുമൊക്കെ ആപേക്ഷികമല്ലേ.... ഇതെന്റെ ശരിയാണ്... അതാണ്‌ എന്നെ ഞാനാക്കിയതും... "
ഇത്തരമൊരു
മറുപടി അവരില്‍ ഒരു പുച്ചഭാവം ആയിരുന്നിരിക്കണം എന്നോടുണ്ടാക്കിയത്...

" താനേതായാലും ഒരു നല്ല വായനക്കാരനാ, പക്ഷെ തന്നെ ഒന്ന് channelize ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു. ഇവിടെ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് പ്രാര്‍ത്ഥയൊക്കെയുണ്ട്. അതൊക്കെയൊന്നു attend ചെയ്യണം കേട്ടോ.. "

" ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്ന എന്നോട് തന്നെ ഇതൊക്കെ പറയണോ ടീച്ചറെ ? "
"ദൈവമില്ല എന്നാരാ പറഞ്ഞെ ?

അവരുടെ ശബ്ദം ചെറുതായി ഉയര്‍ന്നു. അതിനേക്കാള്‍ എന്‍റെ ശ്രദ്ധയാകര്‍ഷിച്ചത് അവരുടെ കഴുത്തിലണിഞ്ഞിരുന്ന കുരിശുമാല ആയിരുന്നു. അതും കുടി കണ്ടപ്പോള്‍ എന്നിലെ യുക്തിവാദി ചിരിച്ചു:ശബ്ദമുണ്ടാക്കി തന്നെ.

"യേശു ജീവിച്ചിരുപ്പുണ്ടായിരുന്നോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്‌. മാത്രമല്ല വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാം കോപ്പിയടിച്ച് എഴുതിയതുമാണ്‌. ക്രിസ്തുവിന്റെത്‌ കൃഷ്ണനില്‍ നിന്ന്, കൃഷ്ണന്റെത് ബുദ്ധനില്‍ നിന്ന്.. ബുദ്ധന്റെത് എവിടെ നിന്ന് എന്ന അന്വേഷണത്തിലാണ് ഞാന്‍. അതല്ല, ബൈബിളും ഗീതയും ത്രിപിടകയും ഒരേ കൃതിയില്‍ നിന്ന് അടിച്ചു മാറ്റിയതാണെന്ന സംശയവും എനിക്കുണ്ട്. "

ഇത്രയും പറഞ്ഞപ്പോഴേക്ക്‌ അവര്‍ക്ക് ദേഷ്യം വന്നു. പക്ഷെ ഒന്നും പറഞ്ഞില്ല. എന്തെങ്കിലുമൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വേറൊന്നും കൊണ്ടല്ല, ഞാന്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടായിരുന്നില്ല. അവരുടെ മൗനം എന്നിലൊരു ചെറിയ നിരാശ പടര്‍ത്തി.

രെജിസ്റ്ററില്‍ ഒപ്പിട്ട ശേഷം ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കാര്യം കുടി അവര്‍ പറഞ്ഞു:
"വായന നല്ലതാ, പക്ഷെ ഇതൊരിക്കലും
ടമറുകില്‍
ചെന്ന് നില്‍ക്കരുത്. "
ഒന്ന് ചിരിച്ച ശേഷം ഞാന്‍ നടന്നു.


ഇപ്പോഴാണ്
എനിക്ക് സന്തോഷമായത്. ഒടുവിലത് പറഞ്ഞു, ഇടമറുകില്‍ ചെന്ന് നില്‍ക്കരുതെന്ന്.. എന്ന് വച്ചാല്‍ ഞാന്‍ പറഞ്ഞത് എവിടെയോ ചെന്ന് കൊണ്ടു എന്നല്ലേ ? അതെന്നെ തീര്‍ത്തും ആവേശഭരിതനാക്കി എന്നുള്ളതാണ് സത്യം. പക്ഷെ അതിലും വലിയൊരു സന്തോഷം മറ്റൊന്നായിരുന്നു :- ഇടമറുകിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു, അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ തന്നെ. അവരുടെ ഭയം നടന്നു കഴിഞ്ഞിരുന്നു. അതിനുള്ള നന്ദിയും കടപ്പാടും ഞാന്‍ മനസ്സ് കൊണ്ടു ഒത്തിരി ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്‍റെ മലയാളം അദ്ധ്യാപകന്‍ ശിവപ്രസാദ്‌ സാറിനോടാണ്. അദ്ദേഹമായിരുന്നു ഇടമറുകിന്റെ പുസ്തകം എനിക്ക് സമ്മാനിച്ചത്‌.

അങ്ങനെ അവരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടു തെന്നെ എന്‍റെ അവിശ്വാസം ഒരു പരിധി വരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ഒരു പേഴ്സണല്‍ സന്തോഷം ഇപ്പോഴും എനിക്കുണ്ട്.