2016, ഡിസംബർ 9, വെള്ളിയാഴ്‌ച

മുന്നറിയിപ്പ് - ഒരു പുനര്‍വായന


ചിത്രം       : മുന്നറിയിപ്പ്
സംവിധാനം  : വേണു
രചന        : ഉണ്ണി ആര്‍

സ്വാതന്ത്ര്യം എന്ന വാക്കിനു ഒരു ഒറ്റവരി നിര്‍വചനം നടത്തുക ഏറെക്കുറെ അസാധ്യമാണ്. ആ വാക്ക് ആവശ്യപ്പെടുന്ന പരിധി തന്നെയാണതിന്‍റെ കാരണവും. രാഷ്ട്രീയവും അത്തരമൊരു പദമാണ്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് അര്‍ത്ഥതലങ്ങള്‍  മാറുവാനും മാറ്റുവാനും തീര്‍ത്തും അനുയോജ്യമായവ. ഈ രണ്ടു പദങ്ങളുടെ ആശയാന്വേഷനമാണ് ഉണ്ണി ആറിന്റെ തിരക്കഥയില്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്നത് അതിന്റെ ദൃശ്യങ്ങളില്‍ നിന്ന് വായിച്ചെടുക്കാം.

മറ്റു ചിത്രങ്ങളെപ്പോലെ  തന്നെ മുന്നറിയിപ്പും വിഷയ-കഥാപാത്ര കേന്ദ്രീകൃത സിനിമയാണെന്നിരിക്കിലും തിരക്കഥയില്‍ ഒളിഞ്ഞിരിക്കുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും മിന്നിമറയുന്ന ചില കഥാപാത്രങ്ങളും അനുബന്ധ വിഷയത്തിന്‍റെ അവതരണത്തിലൂടെ കഥയുടെ ക്രമാനുഗതമായ ഒഴുക്കിന് വഴിയൊരുക്കുന്നുണ്ട്. കുറ്റമറ്റ എന്നാ ലേബലില്‍ ഈ ചിത്രത്തിനെ കാണുവാന്‍ സാധിക്കില്ലെങ്കിലും ശ്രേഷ്ഠമല്ലാതാകുന്നില്ല പ്രമേയപരമായ കൈയ്യടക്കവും അതിന്‍റെ  ആഖ്യാനചാതുരിയും.

ചിത്രം തുടങ്ങുന്നത് ഒരു കൂട്ടം ഉറുമ്പുകള്‍ ഒരു ചത്ത പല്ലിയെ കൊണ്ട് പോകുന്നതിന്‍റെ ഒരു top angle shot ലൂടെയാണ്. ഉറുമ്പുകള്‍ തന്നെയാണോ പല്ലിയെ കൊന്നത് എന്നതിനുള്ള ഉത്തരം ഈ രംഗം നല്‍കുന്നില്ല എങ്കില്‍പ്പോലും അവര്‍ പല്ലിയേയും കൊണ്ടുപോകുന്നതിന്‍റെ ഉദ്ദേശ്യം സുവ്യകതമാണ്. മുന്നറിയിപ്പ് എന്ന പേരും ടൈറ്റില്‍ കാര്‍ഡുകള്‍ക്ക് പിന്നിലെ ഈ ദൃശ്യങ്ങളും ചിത്രത്തിന്‍റെ ക്ലൈമാക്സിന്‍റെയും കഥാതന്തുവിന്‍റെയും ആദ്യസൂചനയാണ്.സ്വാതന്ത്ര്യം എന്ന പദത്തിന്‍റെ അര്‍ത്ഥാന്വേഷണമാണ് ഈ ചിത്രം എന്ന് ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ. ഒന്ന് കൂടി വിശദീകരിച്ചാല്‍ സ്വാതന്ത്ര്യം എന്ന വാക്കിനു ഒരു വ്യക്തി നല്‍കുന്ന നിര്‍വചനവും ഒരു സമൂഹമോ അല്ലെങ്കില്‍ അധികാരവ്യവസ്ഥിതികള്ളോ നല്‍കുന്ന നിര്‍വചനവും തമ്മിലുള്ള സംഘര്‍ഷമാണ്. അത്തരം സംഘര്‍ഷങ്ങളുടെ ആകെത്തുകയില്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് വരുന്ന നാലാമത്തെ സിംഹമാണ് മുന്നറിയിപ്പ്. ഒരു ക്ലാസ് സിനിമ, തികഞ്ഞ കലാസൃഷ്ടി എന്നൊക്കെ പറഞ്ഞു മാറ്റിനിര്‍ത്താനകുന്നതല്ല ഈ ചിത്രത്തെ..! പതിന്നാലു വര്‍ഷമെന്ന വളരെ വലിയ ഒരു പ്രജനനകാലഘട്ടം സംവിധായകനായ വേണുവിന് ഉണ്ടായിരുന്നുവെന്നത് അമ്പരപ്പുളവാക്കുന്നതാണ്. തന്‍റെ ആദ്യ ചിത്രത്തിന് ശേഷമുള്ള ആ വലിയ ഇടവേളയില്‍ അദ്ദേഹം സിനിമയില്‍ നിന്നെന്തു പഠിച്ചു എന്നുള്ളത് നാം ഇതില്‍ നിന്ന് കണ്ടെത്തുക തന്നെ വേണം. ഒരു പഠനവിഷയത്തെ സമീപിക്കുന്ന ജാഗ്രതയോടും മറ്റും  ഞാന്‍ ഈ ചിത്രത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നതിന്‍റെ കാരണവും ഇതാണ്.

ജയിലിനുള്ളില്‍ കഴിയുന്ന തടവുപുള്ളികള്‍ അനുഭവിക്കുന്നത് ഒരു തരം പാരതന്ത്ര്യമാണ് എന്ന പുറത്ത് നില്‍ക്കുന്നവരുടെ വീക്ഷണത്തെ ചോദ്യം ചെയ്തു കൊണ്ടാണ് സി.കെ. രാഘവന്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും പുറത്ത് വരാന്‍ കൂട്ടാക്കാതെ തടവുകാരനായി തുടരുന്നത്.  സ്വാതന്ത്ര്യം അവനവന്‍റെ തിരഞ്ഞെടുപ്പാണെന്നും പിന്നീടൊരുവേള അയാള്‍ പറയുന്നുണ്ട്.
ജയില്‍ സൂപ്രണ്ടിന്‍റെ ആത്മകഥയ്ക്ക് തൂലിക ചലിപ്പിക്കുവാനെത്തുന്ന അഞ്ജലി എന്ന മാധ്യമപ്രവര്‍ത്തക അവിചാരിതമായി രാഘവനെ കാണുന്നിടത്താണ് കഥാപുരോഗതിയുടെ ആദ്യഘട്ടം. രണ്ടു പേരെ ( അതും സ്ത്രീകളെ ) കൊന്ന കേസില്‍ ജയിലിലായ രാഘവന്‍റെ അനന്യസാധാരണമായ പെരുമാറ്റവും, ‘ ഞാനാരെയും കൊന്നിട്ടില്ല ‘ എന്നാവര്‍ത്തിച്ചുള്ള പറച്ചിലും അഞ്ജലിയില്‍ ഉദയം കാത്തുറങ്ങുന്ന മാധ്യമപ്രവര്‍ത്തകയിലെ ജിജ്ഞാസയെ ഉണര്‍ത്തി. ഹൈക്കു കവിതകളെന്നു തോന്നിപ്പിക്കുന്ന വിധം രാഘവനെഴുതിയ ചെറുകുറിപ്പുകളടങ്ങിയ ഡയറി കാണുന്ന അഞ്ജലി അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധയായി പോകുന്നു. കൊലപാതകി എന്ന് മുദ്ര കുത്തപ്പെട്ട മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിലുമപ്പുറം ഉയര്‍ന്ന ബൌദ്ധികനിലവാരമുള്ള ഒരാളെ രാഘവനില്‍ അഞ്ജലി കാണുന്നിടത്ത് കഥയുടെ രണ്ടാം ഘട്ടം തുടങ്ങുന്നു.

രാഘവനില്‍ അഞ്ജലി കാണുന്ന നിഷ്കളങ്കത അയാളുടെ കുറിപ്പുകളിലൂടെയും അഞ്ജലിയിലൂടെയും പതിയെ പതിയെ പ്രേക്ഷകരിലെയ്ക്ക് എത്തിക്കുന്നുണ്ട് സംവിധായകനും തിരക്കഥാകൃത്തും. കണ്ണാടിയില്‍ നാം കാണുന്ന പ്രതിബിംബം നാം പോകുമ്പോള്‍ അവിടെ തന്നെ കാണുമോ അതോ നമ്മോടൊപ്പം പോകുകയാണോ ചെയ്യുന്നത് എന്നുള്ള സരസലളിതമായ ചോദ്യത്തിന്‍റെ ഉത്തരം കണ്ണാടിക്ക് മുന്‍പില്‍ നിന്ന് തന്നെ കണ്ടെത്താന്‍ ശ്രമിക്കുന്ന അഞ്ജലിയെ തുടര്‍ന്ന് വരുന്ന രംഗത്തില്‍ കാണുന്നുണ്ട്. അതോടൊപ്പം തന്നെ ടേബിള്‍ ലാമ്പിന്‍റെ വെളിച്ചത്തില്‍ പുറംകൈ കൊണ്ട് അവയെ മറയ്ക്കാന്‍ ശ്രമിക്കുന്ന അഞ്ജലിയേയും കാണുന്നുണ്ട്. രാഘവനുമായുള്ള സംഭാഷണം റെക്കോര്ഡ് ചെയ്യാന്‍ മേശമേല്‍ വച്ചിരുന്ന റെക്കോര്ഡര്‍ ശബ്ദം മാത്രമല്ലെ പിടിച്ചെടുക്കൂ, മനസ്സ് വായിക്കില്ലല്ലോ എന്നയാള്‍ ചോദിക്കുന്നതും നിഷ്കളങ്കതയുടെ ഭാശ്യമായി അഞ്ജലി കരുതുന്നു. അതെ അഞ്ജലിയുടെ  വഴിയെ പ്രേക്ഷകനെയും നയിക്കുന്നതിലെ സംവിധാനമികവ് അഭിനന്ദനം അര്‍ഹിക്കുന്നു.
രാഘവനെ പറ്റി അഞ്ജലി തയ്യാറാക്കുന്ന BRAIN BEHIND THE BARS എന്ന ലേഖനം ശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ രാഘവന്‍റെ ബൌദ്ധിക ആവരണത്തെ ഒരു കോര്‍പ്പറേറ്റ് പുസ്തകപ്രസാധകര്‍ക്ക് തീറെഴുതി കൊടുക്കുന്നു അഞ്ജലി. രാഘവന്‍റെ ജീവിതത്തെ വരച്ചിടുവാന്‍ തന്‍റെ പേനയിലെ മഷി മതിയാകും എന്ന അഞ്ജലിയുടെ സമയബന്ധിതമായ കണക്കുകൂട്ടലാണ് കഥയുടെ മൂന്നാം ഘട്ടം. ഇവിടെ വച്ച് അഞ്ജലി താന്‍ നിയോഗിക്കപ്പെട്ടിരുന്ന ആത്മകഥയെഴുത്ത് ഒരു വശത്തേയ്ക്ക് നീക്കി വച്ച് പൂര്‍ണമായും രാഘവന്‍ എന്ന ലോകത്തേയ്ക്ക് ഇറങ്ങി ചെല്ലുന്നു. പ്രൊഫഷണല്‍ എത്തിക്സ് മറന്നു പോകുന്നൊരു ജേണലിസ്റ്റിനെയാണ് പിന്നീട് നാം ഫ്രെയിമില്‍ കാണുന്നത്. ഇവിടെ അഞ്ജലിയെ തന്‍റെ ലക്‌ഷ്യം ഇടയ്ക്ക് വച്ച് വിളിച്ചോര്‍മ്മിപ്പിക്കുന്നത് പ്രതാപ്‌ പോത്തന്‍ അവതരിപ്പിക്കുന്ന കെ.കെ. എന്ന കഥാപാത്രമാണ്. ന്യായമായും നെടുമുടി വേണുവിന്‍റെ കഥാപാത്രം പറയേണ്ടുന്ന കാര്യങ്ങളാണ് പ്രതാപ് പോത്തനും പറയുന്നത്. പക്ഷെ എന്ത് കൊണ്ട് പ്രതാപ്‌ പോത്തന്‍ ? ആര് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് അതൊരു ബാധ്യതയായി മാറില്ല, നെടുമുടി വേണുവിന്‍റെ കഥാപാത്രമാണ് പറയുന്നതെങ്കില്‍ മറുത്തൊരു ചോദ്യവും ഉന്നയിക്കാനുള്ള സാധ്യതയില്ല. പ്രൊഫഷണല്‍ എത്തിക്സ് മറന്നു പോകരുതെന്ന് പറയാന്‍ ഒരു സീനിയര്‍ ജേര്‍ണലിസ്റ്റിനേക്കാള്‍ അവകാശം മറ്റാര്‍ക്കുണ്ട് ? തീര്‍ത്തും ലളിതമെന്നു തോന്നുന്ന ഒരു രംഗത്തിലെ ആശയപുഷ്ടി അത്ര ചെറുതൊന്നുമല്ല എന്ന് സാരം.

കഥയുടെ മൂന്നാം ഘട്ടത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, അഞ്ജലി രാഘവനെ ജയിലില്‍ നിന്ന പുറത്തിറക്കി എഴുതുവാനായി ഒരു മുറി ഒരുക്കികൊടുക്കുന്നു. ചിത്രത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്ന സീന്‍ ആണ് മേല്‍പ്പറഞ്ഞത്. ആ സീന്‍ വളരെ മികച്ച രീതിയില്‍ choreograph ചെയ്ത ഒന്നാണ്. രംഗം തുടങ്ങുന്നത് ജയിലിനുള്ളില്‍ കിടക്കുന്ന രാഘവനില്‍ നിന്നാണ്. തുടര്‍ന്ന് വരുന്ന സീനില്‍ അഞ്ജലി രാഘവനെ പുറത്തിറക്കുകയും മുന്‍കൂട്ടി കണ്ടു വച്ചിരുന്നു മുറിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ശേഷം കാറില്‍ കയറി പോകുന്ന അഞ്ജലിയെ അയാള്‍ നോക്കി നില്‍ക്കുന്നത് ജനലഴികകള്‍ക്ക് ഇടയിലൂടെയാണ്. ഫലത്തില്‍ ഒരു ജയിലില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ...!!!!!
പക്ഷെ സ്വാതന്ത്ര്യം എന്ന വാക്കിന്‍റെ അര്‍ഥം ഇരു സ്ഥലത്തും ഒന്നല്ല എന്നുള്ളത് രാഘവന്‍റെ മുഖത്ത് നിന്നും വായിച്ചറിയാം. ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ നോക്കുന്ന രാഘവനില്‍ നിന്നും നമ്മുടെ ശ്രദ്ധ പോകേണ്ടത് അഴികളുടെ വിടവിലേയ്ക്കാണ്.
 ഒരെണ്ണം അവിടെയില്ല ..!!
അതെ, സ്വാതന്ത്ര്യം അവനവന്‍റെ തിരഞ്ഞെടുപ്പാണ്.....!!
ഇവിടെയാണ്‌ ഒന്നാം പകുതി അവസാനിക്കുന്നത് !!

 


രാഘവന്‍റെ മാനസികവ്യാപാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് രണ്ടാം പകുതിയിലെ കഥ പറച്ചില്‍. അഞ്ജലിയുടെ സമ്മര്‍ദവും തന്‍റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തതും രാഘവനെ അലോസരപ്പെടുത്തുന്നുണ്ട്. മുറിക്കുള്ളില്‍ കൈ വിരലുകള്‍ അഴിച്ചും പിണച്ചും ഇരിക്കുന്ന രാഘവനെ പിന്നീടുള്ള പല അവസരങ്ങളിലും കാണാന്‍ സാധിക്കുന്നുണ്ട്. ആ സമ്മര്‍ദത്തില്‍ നിന്നും പുറത്ത് ചാടാന്‍ ഉള്ളാലെ ആഗ്രഹിക്കുന്ന രാഘവന്‍ ആഹാരം കൊണ്ട് വരുന്ന പയ്യനോടൊപ്പം പുറത്തേയ്ക്കിറങ്ങാമെന്നു എല്‍ക്കുന്നു. അവിടെ അയാളുടെ ലക്‌ഷ്യം പുറംകാഴ്ചയില്‍ അഭിരമിക്കുക എന്നുള്ളതല്ല, മറിച്ച് അഞ്ജലിയുടെ ഭാവമാറ്റത്തില്‍ നിന്നുള്ള രക്ഷപ്പെടലാണ്. അന്നയാള്‍ കടപ്പുറത്ത് വച്ച് ഒരു വൃദ്ധദമ്പതികളെ കാണുകയും പെട്ടെന്ന് അസ്വസ്ഥനായി കടലപ്പൊതി വലിച്ചെറിഞ്ഞു പോകുകയും ചെയ്യുന്നുണ്ട്. ആ വൃദ്ധര്‍ ആരാണെന്നോ എന്താണെന്നോ പിന്നീടുള്ള ഒരു സീനില്‍ പോലും വ്യക്തമാക്കപ്പെടുന്നില്ല എന്നുള്ളത് കൌതുകകരമാണ്.  പ്രേക്ഷകന്‍ അത് വിശകലനം ചെയ്യട്ടെ എന്നുള്ള വിപുലമാനോഭാവം. കഥാഘടനയിലെയ്ക്ക് പ്രേക്ഷകനെക്കൂടി ഉള്‍പ്പെടുത്തുന്ന, അത്തരം ഗൌരവപരമായ സമീപനങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്കുള്ള വക. തന്‍റെ സ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ വിലക്ക് കല്പ്പിച്ചവരോ, ആ സ്വാതന്ത്ര്യം ഹനിച്ചവരോ ആകാം ആ ദമ്പതികള്‍. അതുമല്ലെങ്കില്‍ സ്വാതന്ത്ര്യം നിഷേധിച്ചവരുടെ നിഴലുകള്‍.
അങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം, വൃദ്ധരെ കണ്ട ശേഷം ആ അസ്വസ്ഥത മറയ്ക്കാന്‍ രാഘവന്‍ ബാറില്‍ പോകുന്ന സീനാണ് തൊട്ടടുത്തതായി കാണിക്കുന്നത്. വളരെ ബുദ്ധിപൂര്‍വം പ്ലേയ്സ് ചെയ്ത ഒരു സീന്‍. !!

രാഘവന്‍റെ സ്വാതന്ത്ര്യം കുറച്ചുകൂടി സിമ്പിളായും ഡയറക്റ്റ്‌ ആയും പ്രസ്താവിക്കുന്നു. വിഷ്വല്‍ നരേഷന്‍ വിട്ട് തീര്‍ത്തും വെര്‍ബല്‍ നരേഷനിലേയ്ക്കുള്ള ബോധപൂര്‍വമായ ചുവടുവയ്പ്പ്. സുധീഷിന്‍റെ കഥാപാത്രത്തിന്‍റെ പ്രകോപനത്തിനെതിരായി സംഭവിച്ച ഒരു പൊട്ടിത്തെറി പക്ഷെ ശരിക്കും രാഘവന്‍റെ അസ്വസ്ഥതയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. വളരെ മികച്ച രീതിയില്‍ ക്രോഡീകരിക്കപ്പെട്ട ഒരു സീന്‍ ഓര്‍ഡര്‍...!!

പ്രസാധക കമ്പനി അഞ്ജലിയുമായി ഒരു തുറന്നയുദ്ധം  പ്രഖ്യാപിക്കുന്ന അതേ ഘട്ടത്തിലാണ് വീട്ടുകാരുടെ താല്‍പര്യാര്‍ത്ഥം  ചാക്കോച്ചന്‍  എന്ന പ്രവാസിയുവാവ് അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്.  രൂപത്തിലും ഭാവത്തിലും സംസാരത്തിലും അയാള്‍ സൂക്ഷിക്കുന്ന ഊര്‍ജം അഞ്ജലിയിലെ നിഷ്കളങ്കതയെ  സ്വാധീനിക്കുന്നുണ്ട്. മുന്‍പ് രാഘവന്‍റെ സൌമ്യതയാണ് അവളെ സ്വാധീനിച്ചതെങ്കില്‍ ഇവിടെയത് ചാക്കോച്ചന്‍റെ പ്രസന്നതയാണ്.

ചാക്കോച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ അവതരണം അഞ്ജലിയുടെ കഥാപാത്ര രൂപീകരണത്തിന് വേണ്ടിയുള്ള ഉപകരണമായി വായിക്കാവുന്നതാണ്. പുറംപൂച്ചില്‍ അഭിരമിക്കുന്ന, കാതലിനെയും സ്വത്ത്വത്തെയും അന്വേഷിക്കാത്ത ഒരു ജേര്‍ണലിസ്റ്റ്. പ്രൊഫെഷണല്‍ എത്തിക്സ് എന്നാ വാക്ക് തന്നെ എടുത്തുകാട്ടി ശകാരിക്കുന്ന പ്രതാപ് പോത്തനും അത്തരമൊരു ഉപകരണമാണെന്ന് വേണമെങ്കില്‍ കരുതാം.
മാധ്യമപ്രവര്‍ത്തക(ര)യുടെ ശല്യം കാരണം രാഘവന്നെ അവള്‍ നഗരത്തിരക്കില്‍ നിന്നൊഴിഞ്ഞ് ഒരെഴുത്തുകാരന്‍റെ മനസ്സില്‍ ഊഷ്മളത സൃഷ്ടിക്കുന്ന ഗ്രാമാന്തരീക്ഷത്തില്‍ എത്തിക്കുന്നുണ്ട്. പ്രസാധകസംഘത്തിന്‍റെ സമയപരിധിയെ മറികടക്കാമെന്ന ശുഭപ്രതീക്ഷയിലാണ് അഞ്ജലി അപ്പോഴും. രാഘവനാകട്ടെ, മറ്റൊരു തടവറയില്‍ എത്തപ്പെട്ട പ്രതീതിയും.. !!

ക്ലൈമാക്സിലേയ്ക്ക് ലീഡ് ചെയ്യുന്ന വസ്തുതകള്‍ പലയിടത്തും ഒളിപ്പിച്ചുവയ്ക്കുക പതിവുണ്ട് ജീനിയസ്സായ പല സംവിധായകരും എഴുത്തുകാരും. ഐഡ എന്ന പോളിഷ് ചിത്രം ഇതിനുദാഹരണമാണ്. അത്തരമൊരു ധീരമായ പരീക്ഷണം വേണുവും നടത്തുന്നുണ്ട്. അതും പ്രത്യക്ഷമായിത്തന്നെ നമുക്ക് വായിച്ചെടുക്കാവുന്ന തരത്തില്‍. ചിത്രത്തിന്‍റെ അവസാന രംഗങ്ങളില്‍ ഈ ഒളിച്ചു വയ്ക്കലിനു ശക്തി പ്രാപിക്കുന്നുണ്ട്. വയല്‍വരമ്പിലൂടെ നടക്കുന്ന രാഘവന്‍ ഒരു ഇരുമ്പ്കമ്പിയെടുത്ത് വശത്തേക്ക് മാറ്റിയിടുന്നതും അഞ്ജലി രാഘവനെഴുതിയ നോവല്‍(?) വായിക്കുമ്പോള്‍ ഉപയോഗശൂന്യമായ പേസ്റ്റ് കവര്‍ രാഘവന്‍ വലിച്ചെറിയുന്നതിന്‍റെ  ദൃശ്യവും അത്തരത്തില്‍പ്പെട്ട ശക്തമായ മുന്നറിയിപ്പുകളാണ്. ഒറ്റനോട്ടത്തില്‍ പോകാനുള്ള തയ്യാറെടുപ്പിനായി സാധനങ്ങള്‍ അടുക്കി വയ്ക്കുകയാണെന്ന് തോന്നിപ്പിക്കുകയും അതേസമയം കഥാന്ത്യം കൃത്യമായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏതോ ഒരു കമ്പി കൊണ്ട് അഞ്ജലിയെ കൊലപ്പെടുത്തുമ്പോള്‍, വയല്‍വരമ്പില്‍ രാഘവന്‍ മാറ്റിയിടുന്ന ഇരുമ്പ്കമ്പിക്ക് പ്രസക്തിയേറുന്നുണ്ട്.ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന ചില plot points കൂടി പങ്കുവയ്ക്കാം.


1.  ടൈറ്റില്‍ എഴുതിക്കാണിക്കുന്ന സീന്‍. അവിടെ ഉറുമ്പിനെ ന്യായീകരിക്കുന്നില്ല, പക്ഷെ ഉറുമ്പ് കുറ്റവാളിയാക്കപ്പെടുന്നുമില്ല.
2.  അഞ്ജലി കെ.കെ. യെ കാണാന്‍ രാത്രിയില്‍ വരുന്ന സീനില്‍,  പാര്‍ട്ടിക്ക് ഇടയില്‍ കെ കെ  സഹപ്രവര്‍ത്തകരോട് കാഫ്കയെ പറ്റി സംസാരിക്കുന്നുണ്ട്. കാഫ്കയുടെ ‘വിചാരണ’ എന്ന നോവലിന്റെ പരോക്ഷമായ ഓര്‍മ്മപ്പെടുത്തലാണ് അതെന്ന്‍ വിശ്വസ്സിക്കേണ്ടിയിരിക്കുന്നു.
3.  ‘സമയം തീരാറായി അല്ലെ’ എന്ന് അഞ്ജലിയോടു രാഘവന്‍ ചോദിക്കുന്ന അവസാനരംഗം അഞ്ജലിക്കുള്ള മുന്നറിയിപ്പാണെന്നും കരുതാം.4.  ഭിത്തിയിലെ ഫോട്ടോകളും അത്തരമൊരു സൂചകം ആയിരുന്നിരിക്കണം.
വെളിച്ചത്തെ വേണമെങ്കില്‍ മറച്ച് പിടിക്കാം, പക്ഷേ അതില്ലാതാകുന്നില്ല..

NB :-  മുന്നറിയിപ്പ് വെറുമൊരു ചിത്രമല്ല, കലയുടെ ജനനവും ഉന്നതിയുമാണെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ഇത്തരം ഒരു സാഹസം.